ആയഞ്ചേരി: റോഡ് വികസനത്തിന് തടസമായ പള്ളിമതില് പൊളിച്ചുമാറ്റി മഹല്ല് കമ്മിറ്റി മാതൃകയായി. ആയഞ്ചേരി-തിരുവള്ളൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ആയഞ്ചേരി ടൗണിനടുത്തുള്ള മസ്ജിദുല്‍ ജമാലിന്റെ മതില് പൊളിച്ചു നീക്കിയത്. റോഡ് വികസനത്തിന്റെ ഭാഗമായി ഡ്രെയിനേജ് നവീകരിച്ചപ്പോള്‍ പള്ളി മതില് പൊളിച്ചു മാറ്റാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത്, പൊതുമരാമത്ത് അധികൃതര്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പള്ളി മതില് പൊളിച്ചു മാറ്റാന്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചത്. മഹല്ല് പ്രസിഡന്റ് ടി.പി മൊയ്തു ഹാജിയുടെ സാന്നിധ്യത്തില്‍ ഇന്ന് കാലത്ത് ജെസിബി ഉപയോഗിച്ച് മതില് പൊളിച്ചു മാറ്റുകയായിരുന്നു. ഡ്രെയിനേജ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.