വടകര: ടൂത്ത് ബ്രഷിങ് ദിനമായ നവംബര്‍ എഴാം തിയതി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ (ഐഡിഎ) നേതൃത്വത്തില്‍ കേരളത്തിലെ സ്കൂളുകളില്‍ പാല്പുഞ്ചിരി എന്ന മെഗാ പരിപാടി നടക്കും. കുട്ടികളുടെ ഇടയില്‍ ദന്ത സംരക്ഷണത്തിന്റ പ്രാധാന്യം മനസിലാക്കി കൊടുക്കുന്ന ബോധവത്കരണ പരിപാടിയാണിത്. കേരളത്തിലുടനീളം രണ്ടു ലക്ഷം കുട്ടികള്‍ പരിപാടിയില്‍ അണിനിരക്കും.
രാവിലെ ഒമ്പതു മുതല്‍ 11 വരെ സംസ്ഥാനത്തെ ഐഡിഎ ശാഖകള്‍ വിവിധ സ്കൂളുകളിലെ കുട്ടികള്‍ക്ക് നേരിട്ട് ശരിയായ ബ്രഷിങ് രീതികള്‍ പരിശീലിപ്പിക്കും. ഇതിന്റെ ഭാഗമായി ഐഡിഎ വടകര ബ്രാഞ്ച് താലൂക്കിലെ 16 സ്കൂളുകളില്‍ ടൂത്ത് ബ്രഷിങ് കാമ്പയിന് സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഡോ.നിധിന് പ്രഭാകര്‍ അറിയിച്ചു.
നാളെത്തെ തലമുറയെ മികച്ച ദന്തപരിപാലന ശീലമുള്ള ഒരു സമൂഹമായി വാര്‍ത്തെടുക്കുവാന്‍ ഈ പ്രോഗ്രാം സഹായിക്കുമെന്ന് ഐഡിഎ സംസ്ഥാന പ്രസിഡന്റ് ഡോ.ടെറി തോമസ് ഇടത്തൊട്ടി അറിയിച്ചു. ശരിയായ ബ്രഷിങ് ടെക്നിക്സ് എന്താണെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന ഈ മെഗാ പ്രോഗ്രാം കേരളത്തിലെ ഒട്ടനവധി സ്കൂളുകളെ ഒരു കുടക്കീഴില് കൊണ്ട് വന്നു ചെയ്യുന്നതില്‍ അഭിമാനം ഉണ്ടെന്ന് ഐഡിഎ സംസ്ഥാന സെക്രട്ടറി ഡോ.ദീബു.ജെ.മാത്യു പറഞ്ഞു. കുട്ടികളുടെ പല്ലുകള്‍ അവരുടെ ആജീവനാന്ത സ്വത്താണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് ‘പാല്പുഞ്ചിരി’ എന്ന പ്രോജക്ടിലൂടെ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് കേരള ചാപ്റ്റര്‍.