വടകര: നഗരത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി തെരുവു നായയുടെ കടിയേറ്റ പതിനഞ്ചോളം പേര് ആശുപത്രിയിലെത്തി. ഇന്നലെ രാത്രി ചോളംവയല്‍, കോടതി പരിസരം, താഴെഅങ്ങാടി ഭാഗങ്ങളിലാണ് തെരുവു നായയുടെ പരാക്രമം കൂടുതലായി ഉണ്ടായത്. ശാദിമഹല്‍ പരിസരത്തും മുനിസിപ്പല്‍ റോഡിലും നായയുടെ അക്രമമുണ്ടായി. നടന്നുപോവുന്നവര്‍ക്കു നേരെ നായകള്‍ പാഞ്ഞടുക്കുകയായിരുന്നു. മിക്കവര്‍ക്കും കാലിനാണ് കടിയേറ്റത്. ചോളം വയല്‍-പഴങ്കാവ് റോഡില്‍ ബൈക്ക് നിര്‍ത്തിയ ആളെ ഓടിയെത്തിയ നായ കടിച്ചു. അഞ്ചുവിളക്ക് ജംഗ്ഷനു സമീപം കോടതി പാറാവുകാരനും കടിയേറ്റു. പാറാവു ഡ്യൂട്ടിക്കിടയിലാണ് ഇദ്ദേഹത്തെ നായ കടിച്ചത്. കടിയേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
നഗരത്തിന്റെ പല ഭാഗത്തും നായകള്‍ കൂട്ടമായി വിലസുകയാണ്. കസ്റ്റംസ്റോഡ് ഭാഗത്ത് തെരുവു നായ ഈയിടെ പ്രസവിച്ചു. ആളുകള്‍ ഭീതിയോടെയാണ് നടന്നുപോവുന്നത്. പുതുപ്പണം പണിക്കോട്ടി മേഖലയില്‍ പത്ത് പേരെയാണ് കഴിഞ്ഞ ദിവസം നായ കടിച്ചത്. സിവില്‍സ്റ്റേഷനു സമീപവും മത്സ്യമാര്‍ക്കറ്റ് പരിസരത്തും തെരുവുനായകള്‍ വിലസുകയാണ്. മുനിസിപ്പല്‍ അധികാരികള്‍ ഫലപ്രദമായ നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്. വന്ധ്യംകരണ നടപടികളൊക്കെ പേരിലൊതുങ്ങിയതായാണ് ആക്ഷേപം. നായകള്‍ പെറ്റുപെരുകുന്നത് സ്ഥിതി ഗുരുതരമാക്കും.