അഴിയൂര്‍: നിര്‍ജീവമായിരുന്ന സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനം. കുറച്ച് കാലമായി ശ്രദ്ധിക്കപ്പെടാതിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍മന്ത്രി വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അനുകൂലമായി സംസാരിച്ചതോടെയാണ് വിഷയം വീണ്ടും തലപൊക്കിയത്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യകതമാക്കിയതിന് പിന്നാലെ കേരളത്തിലെ മുഴുവന്‍ സമരസമിതി യൂനിറ്റുകളിലും പ്രതിഷേധം ശക്തമായി. അഴിയൂരിലെ സമരസമിതി തിങ്കളാഴ്ച വൈകുന്നേരം മുക്കാളി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. കുടിയൊഴിപ്പിക്കപ്പെടുന്ന നിരവധി പേര് പ്രതിഷേധ പ്രകടനത്തില്‍ അണിചേര്‍ന്നു.
സില്‍വര്‍ ലൈന്‍ വിരുദ്ധ സമര സമിതി സംസ്ഥാന കമ്മിറ്റി അംഗം ടി.സി.രാമചന്ദ്രന് മുഖ്യപ്രസംഗം നടത്തി. കുറച്ചുകാലം അനങ്ങാപ്പാറ നയം സ്വീകരിച്ച മുഖ്യമന്ത്രിയും സില്‍വര്‍ ലൈന്‍ കേരള സര്‍ക്കാര്‍ ഒഴിവാക്കിയതല്ലേ എന്നു പറഞ്ഞ കേന്ദ്ര മന്ത്രിയും ഇപ്പോള്‍ സങ്കേതികപ്രശ്നം പരിഹരിച്ച് നടപ്പിലാക്കുമെന്ന് പറയുന്നതിലെ രാഷ്ട്രീയയുക്തി മനസിലാകുന്നില്ലെന്ന് ടി.സി.രാമചന്ദ്രന് പറഞ്ഞു. സില്‍വര്‍ ലൈനിനെതിരെ ഇതേവരെ നടന്ന സമരങ്ങള്‍ പോലെയല്ല ഇനിയാണ് സമര പരമ്പരകള്‍ കേരളം കാണാന്‍ പോകുന്നതെന്നും യാതൊരു കാരണവശാലും പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരസമിതി അഴിയൂര്‍ മേഖല ചെയര്മാന് ചെറിയ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയില്‍ പി.കെ.കോയ, നസീര്‍ വീരോളി, അഹമ്മദ് അത്താണിക്കല്‍, ഇക്ബാല്‍ അഴിയൂര്‍, വിജയന് കെ.പി, ഹംസ എരിക്കില്‍, രാജന് തീര്‍ഥം, രവീന്ദ്രന് അമൃതംഗമയ, കെ.വി.ബാലകൃഷ്ണന്, സ്മിത സരയു, രമ കുനിയില്‍, എം.കെ.ആരിഫ, സജ്ന.സി.കെ, ഷിമി അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു. ഹംസ അഴിയൂര്‍ സ്വാഗതം പറഞ്ഞു.