ഓര്‍ക്കാട്ടേരി: ശിവഭഗവതി ക്ഷേത്ര ഭൂമിയായ കച്ചേരി മൈതാനി അനധികൃതമായി കയ്യേറ്റം നടത്തി കെട്ടിടം നിര്‍മ്മിക്കാനുള്ള ഗ്രാമപഞ്ചായത്തിന്റെ ശ്രമത്തെ ചെറുക്കുമെന്നും അന്യാധീനപ്പെട്ടുപോയ ക്ഷേത്രഭൂമി തിരികെ പിടിക്കാന്‍ ഭക്തജന കൂട്ടായ്മ 17 നു നടത്തുന്ന ലക്ഷംദീപ സമര്‍പണത്തിന് ബിജെപി പിന്തുണ നല്‍കുമെന്നും ജില്ലാ പ്രസിഡന്റ് അഡ്വ.വികെ.സജീവന് വ്യക്തമാക്കി. കച്ചേരി മൈതാനം സഹപ്രവര്‍ത്തകരോടൊപ്പം സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണപത് ദേവസ്വത്തിന്റെ ഈ ഭൂമി തെറ്റായ രീതിയില്‍ ആസ്തി രേഖ ഉണ്ടാക്കിയാണ് ഗ്രാമപഞ്ചായത്ത് കൈവശം വെച്ചിരിക്കുന്നത്. ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ തദ്ദേശവാസികളായ ഭക്തജനങ്ങള്‍ രൂപവത്കരിച്ചിരിക്കുന്ന സംരക്ഷണ സമിതി നടത്തുന്ന എല്ലാ പ്രക്ഷോഭ പരിപാടികള്‍ക്കും ബിജെപിയുടെ എല്ലാ പിന്തുണയും ജില്ലാ പ്രസിഡന്റ് പ്രഖ്യാപിച്ചു.
എല്ലാവര്‍ഷവും ക്ഷേത്രോത്സവത്തില്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ഒത്തുകൂടാറുണ്ട്. ഈ ഭക്തജനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്ന തരത്തിലാണ് ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മാണം നടത്താന്‍ ശ്രമിക്കുന്നത്. ഇത് വിശ്വാസികളെ വെല്ലുവിളിക്കലാണ്.
ക്ഷേത്രഭൂമി തിരികെ പിടിക്കാനുള്ള പരിശ്രമത്തില്‍ പൊതുജനം സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ബിജെപി സംസ്ഥാന കമ്മറ്റിയംഗം രാമദാസ് മണലേരി, ജില്ലാ വൈസ്പ്രസിഡന്റ് കെ.പി.വിജയലക്ഷ്മി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി.കെ.പ്രഭാകരന്, പി.വിജയബാബു, ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ടി.പി.വിനീഷ്, വടകര മണ്ഡലം പ്രസിഡന്റ് പി.പി.വ്യാസന്, നാദാപുരം മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത്, നേതാക്കളായ ടി.വി.ഭരതന്, കെ.പി.അഭിജിത്, വി.പി.അനില്‍കുമാര്‍, ടി.പി.സുരക്ഷിത, സി.പി പ്രിയങ്ക, പി.കെ.പ്രീത, ശ്രീകല അനില്‍, എം.പി.മന്മഥന് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.