കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്ന് പാമ്പിരിയന്പാറ ക്വാറിയില്‍ ഗ്രനേറ്റ് ഖനനം തുടരുകയാണെങ്കില്‍ കിണറുകളിലെ വെള്ളം വറ്റുമെന്നും കൃഷി നശിക്കുമെന്നും ഉരുള്‍പൊട്ടല്‍ സംഭവിക്കുമെന്നും പരിസ്ഥിതി ചിന്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ നോബിള്‍ പൈകട മന്നറിയിപ്പു നല്കി. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയായ പാമ്പിരിയന്‍ പാറ ക്വാറി പ്രദേശത്തുനിന്ന് ഏതാനും കുടുംബങ്ങള്‍ മാറിത്താമസിക്കേണ്ടിവന്ന സാഹചര്യത്തില്‍ ജനകീയ സമര സമിതി തോട്ടു കോവുമ്മല്‍ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ സെമിനാറില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാമ്പിരിയന്‍ പാറയ്ക്ക് രണ്ടു കി.മീറ്റര്‍ മാത്രം അകലെയാണ് തീവ്ര ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയായി അംഗീകരിക്കപ്പെട്ട പ്രദേശം. ഒരു ടണ്‍ പാറ കടത്തുന്നതിന് 48 രൂപ മാത്രമാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ക്വാറി ഉടമ കുന്നിടിച്ച് പാറ ഖനനത്തിലൂടെ വന്‍ ലാഭം നേടുമ്പോള്‍ പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളുടെ ജീവിതം അപകടത്തിലാവുകയാണ്. കുടിവെള്ളത്തിനുവേണ്ടി പ്രദേശത്തെ തൊണ്ണൂറോളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ജലസമൃദ്ധമായ കുളം വറ്റിപ്പോയത് പാറഖനനത്തിന്റെ ഫലമായാണ്. പഞ്ചായത്തീരാജ് നിയമപ്രകാരം ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഗ്രാമ പഞ്ചായത്തിനാണെന്നും ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഗ്രാമപഞ്ചായത്ത് തയ്യാറാകണമെന്നും നോബിള്‍ പൈകട ആവശ്യപ്പെട്ടു.
2024 നവംബര്‍ 7 വരെ മാത്രമേ ക്വാറി പ്രവര്‍ത്തിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയുള്ളൂ. ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് സെമിനാറില്‍ പങ്കെടുത്ത തദ്ദേശവാസികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
യോഗത്തില്‍ ടി.കെ.സജി അധ്യക്ഷത വഹിച്ചു. ടി.നാരായണന് വട്ടോളി, മൊയ്തു കണ്ണങ്കോടന്‍, സി.കെ.കരുണാകരന്, വാസു.കെ.ഒ, കുമാരന് കെ.കെ, എടത്തില്‍ കുഞ്ഞബ്ദുള്ള, പി.സി.സുനില്‍, പ്രകാശ്കോവുമ്മല്, സുഗതന്, മുകുന്ദന് മരുതോങ്കര എന്നിവര്‍ സംസാരിച്ചു.