കോഴിക്കോട്: മലയാള ദിനാഘോഷത്തിന്റെയും മലയാളഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും ഫാറൂഖ് കോളേജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഇന്റർകൊളീജിയേറ്റ് ക്വിസ് മത്സരത്തിൽ കോഴിക്കോട് മാനാഞ്ചിറയിലെ ഗവ. കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ (ജിസിടിഇ) ജേതാക്കളായി. ഫാറൂഖ് കോളേജ് രണ്ടാംസ്ഥാനവും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജ് മീഞ്ചന്ത മൂന്നാം
സ്ഥാനവും നേടി. ഫാറൂഖ് കോളേജിൽ നടന്ന ക്വിസ്സിൽ 19 കോളേജുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. അഞ്ചു ടീം ഉൾപ്പെട്ട അന്തിമ റൗണ്ടിൽ എത്തിയ മറ്റ് ടീമുകൾ കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളജും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജുമാണ്. അൻഷിഫ പി നാസറും അമൽ റോഷനും ജിസിടിഇയെ പ്രതിനിധീകരിച്ചപ്പോൾ ഫാറൂഖ് കോളേജ് ടീമിൽ സഫ മിൻഷയും ഹെന്ന
മുഹമ്മദുമായിരുന്നു. പാർവതി എസ് എസ്, നിറ്റ നെൽസൺ എന്നിവർ മീഞ്ചന്ത ആർട്സ് കോളേജിനെ പ്രതിനിധീകരിച്ചു.അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ അമിയ എം ക്വിസ് നയിച്ചു. സമാപന പരിപാടിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്
കോഴിക്കോട് റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വിജയികൾക്ക് 5,000 രൂപ, രണ്ടാം സ്ഥാനക്കാർക്ക് 3,000 രൂപ, മൂന്നാം സ്ഥാനക്കാർക്ക് 2,000 രൂപ എന്നിങ്ങനെയായിരുന്നു ക്യാഷ് പ്രൈസ്.
ഫാറൂഖ് കോളേജ് വൈസ് പ്രിൻസിപ്പൽ സാജിദ് ഇ കെ, മലയാളം വിഭാഗം തലവൻ അസീസ് തരുവണ, അസിസ്റ്റൻറ് എഡിറ്റർ സൗമ്യ ചന്ദ്രൻ, അധ്യാപകരായ ടി മൻസൂറലി, വി നൂറ
എന്നിവർ പങ്കെടുത്തു.