നാദാപുരം: സന്നദ്ധ പ്രവര്‍ത്തനത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരുമയോടെ പ്രവര്‍ത്തിക്കുന്ന വിലങ്ങാട്ടെ പോലിസ്
ഉദ്യോഗസ്ഥരുടെ മെഡല്‍ നേട്ടം നാടിന് അഭിമാനമായി. കൂട്ടുകാരും വിലങ്ങാട് സ്വദേശികളുമായ കെ.പി.സുരേഷ് ബാബു,
വി.കെ.ഭാസ്കരന്, പി.വി.ജോര്‍ജ് എന്നിവരാണ് ഇക്കൊല്ലത്തെ സംസ്ഥാന പോലിസ് മെഡലിന് അര്‍ഹരായത്. സംസ്ഥാനത്ത് 267
പേരാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലിനു തെരെഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്ന് പേരും വിലങ്ങാട്ടുകാരായത് അപൂര്‍വ നേട്ടമായി. കോഴിക്കോട് റൂറല്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് മൂവരും മെഡലിനായി തെരഞ്ഞെടുക്കപ്പെട്ടത്. കെ.പി.സുരേഷ് ബാബു, വി.കെ.ഭാസ്കരന് എന്നിവര്‍ എഎസ്ഐ റാങ്കിലും ജോര്‍ജ് സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ തസ്തികയിലും ജോലി ചെയ്യുന്നു.
23 വര്‍ഷമായി പോലീസില്‍ ജോലി ചെയ്യുന്ന കെ.പി.സുരേഷ് ബാബു എംഎസ്പിയിലൂടെയാണ് സേവനം ആരംഭിച്ചത്. കോഴിക്കോട് സിറ്റി ആംഡ് റിസര്‍വ്, വളയം, തൊട്ടില്‍പാലം, ബാലുശ്ശേരി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വളയത്ത് ജോലി ചെയ്യുന്നതിനിടെ ജനമൈത്രി പോലീസിന്റെ സഹായത്തോടെ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെഎപി ഇടുക്കി ട്രെയിനിംഗ് കോളജിലായിരുന്നു വി.കെ.ഭാസ്കരന്റെ പോലിസ് പരിശീലനം. 24 വര്‍ഷത്തെ സേവനത്തിനിടെ കോഴിക്കോട് റൂറല്‍, ഇടുക്കി ആംഡ് റിസര്‍വ്, നാദാപുരം കണ്ട്രോള് റൂം എന്നിവിടങ്ങളില്‍ ജോലി ചെയ്തു. മലയോര കര്‍ഷകനായ പി.വി.ജോര്‍ജ് 19 കൊല്ലമായി പോലീസില്‍ ജോലി ചെയ്യുന്നു. എംഎസ്പിയിലെ പരിശീലനത്തിന് ശേഷം കോഴിക്കോട് സിറ്റി, എലത്തൂര്‍, നാദാപുരം, വളയം സ്റ്റേഷനുകളില്‍ ജോലി ചെയ്തു. നിരവധി ഗുഡ് സര്‍വീസ് എന്‍ട്രികള്‍ മൂവരുടെയും സര്‍വീസ് കാലത്തുണ്ടായിട്ടുണ്ട്. ഒന്നാം തിയതി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഇവര്‍ മെഡല്‍ ഏറ്റുവാങ്ങി.