തൃശ്ശൂര്‍: സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കെ.റെയിലില്‍ തുടര്‍ നടപടികള്‍ക്ക് സന്നദ്ധമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തില്‍ വിശ്വസിക്കുന്നു. ഇന്ന് സമര്‍പ്പിക്കപ്പെട്ട പദ്ധതിയുടെ സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ റെയില്‍വേ സന്നദ്ധമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു.
ഏറെ കുറെ അസാധ്യമെന്ന് കരുതി സംസ്ഥാന സര്‍ക്കാര്‍ തന്നെ കൈവിട്ട പദ്ധതിയാണ് കെ റെയില്‍. കേന്ദ്രം മുഖം തിരിച്ചതും ജനം എതിരായതുമാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ കെ റെയിലിന്റെ സാധ്യത ബാക്കി നില്‍ക്കുന്നുവെന്നാണ് റെയില്‍വേ മന്ത്രി വ്യക്തമാക്കുന്നത്. സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ തുടര്‍ നടപടികള്‍ക്ക് സന്നദ്ധമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. അങ്കമാലി-എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. മഹാരാഷ്ട്രയില്‍ നടപ്പാക്കിയ മാതൃകയില്‍ അങ്കമാലി-എരുമേലി ശബരി പാത നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം-ഷൊര്‍ണൂര്‍ പാത ഒഴിച്ച് മുഴുവന്‍ മേഖലയിലും സാങ്കേതിക നിലവാരം വര്‍ധിപ്പിക്കാന്‍ ശ്രമം നടന്നു. എറണാകുളം-കോട്ടയം-തിരുവനന്തപുരം മൂന്ന് വരി പാതയ്ക്ക് 14% ഭൂമി മാത്രമാണ് സംസ്ഥാനം ഏറ്റെടുത്ത് നല്‍കിയതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിന് കൂടുതല്‍ മെമു അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.