വില്യാപ്പള്ളി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പ്രധാന ടൗണുകളായ വില്യാപ്പള്ളിയും ആയഞ്ചേരിയും തമ്മില്‍ ബന്ധിപ്പിച്ചുള്ള റോഡ് പുതുമോടിയിലേക്ക്. റോഡ് ആധുനിക രീതിയില്‍ നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
വില്ല്യാപ്പള്ളി, തിരുവള്ളൂര്‍, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ പ്രധാനപ്പെട്ട റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വില്ല്യാപ്പള്ളി-ആയഞ്ചേരി റോഡ് ഉന്നത നിലവാരത്തില്‍ എത്തിക്കാന്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ നടത്തിയ പരിശ്രമവും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഇടപെടലും ഗുണകരമായി.
വില്ല്യാപ്പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന ആദ്യ റീച്ചിലെ 1.25 കോടി രൂപയുടെ ബിസി ഓവര്‍ലേ പ്രവൃത്തിയുടെ ഭാഗമായ ഐറിഷ് ഡ്രെയിനേജ് നിര്‍മ്മാണം ഉള്‍പ്പെടെ ഭൂരിഭാഗം പ്രവൃത്തികളും പൂര്‍ത്തിയാവുകയാണ്. താന്നിമുക്ക് വരെയുള്ള 1.65 കി.മീ. ഭാഗമാണ് ഈ പ്രവൃത്തിയില്‍ ഉള്‍പ്പെടുക . ബി.സി.ഓവര്‍ലേ പ്രവൃത്തി പൂര്‍ത്തിയായതോടെ പറമ്പില്‍ പാലത്തിനു മുകളിലെ നിരപ്പ് വ്യത്യാസം പരിഹരിക്കപ്പെട്ടു. അരയാക്കൂല്‍ താഴെ മുതല്‍ വള്ളിയാട് വരെ വയലിലൂടെ കടന്നുപോകുന്ന റോഡിന്റെ ഭാഗങ്ങള്‍ അരികുകെട്ടി സംരക്ഷിക്കുന്നതിന് 25 ലക്ഷം രൂപയുടെ അനുമതി ലഭിച്ച പ്രവൃത്തിയും പുരോഗമിക്കുകയാണ്. രണ്ടാം റീച്ചിലെ 2.27 കോടി രൂപയുടെ പ്രവൃത്തി പൂര്‍ത്തിയായി. ആയഞ്ചേരിയിലെ അവസാന റീച്ചില്‍ രണ്ടു കോടി രൂപയുടെ പ്രവൃത്തിയും പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഭൂമി സൗജന്യമായി വിട്ടുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് 5.77 കോടി രൂപയുടെ റോഡ് വികസനം യാഥാര്‍ഥ്യമായത്.
അനുമതി ലഭിച്ച് വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പൂര്‍ത്തീകരണത്തിലേക്ക് എത്തിക്കുന്നതിന് പരിശ്രമിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, കരാറുകാര്‍, ജനപ്രതിനിധികള്‍, സഹകരിച്ച നാട്ടുകാര്‍ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ പറഞ്ഞു.