അഴിയൂര്‍: കൊടകര കുഴല്‍പണ ഇടപാട് ബിജെപിയുടെ ജീര്‍ണമുഖമാണ് വെളിവാക്കുന്നതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് പറഞ്ഞു. നമ്മുടെ ജനാധിപത്യ ബോധത്തെയും സ്വാതന്ത്ര്യത്തെയും ബിജെപി വെല്ലുവിളിക്കുകയും അപഹസിക്കുകയുമാണ്.
സിപിഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിനു സമാപനം കുറിച്ച് അഴിയൂരില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കള്ളം പറയുകയാണെന്നും കേരളത്തിലെ മാധ്യമങ്ങള്‍ ജനാഭിപ്രായങ്ങള്‍ പരിഗണിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ടി.പി.രാമകൃഷ്ണന് പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി റാലിയും ചുകപ്പ് സേനാ മാര്‍ച്ചും നടന്നു. മുക്കാളി കേന്ദ്രീകരിച്ച് ബാന്റ് വാദ്യ സംഘങ്ങളുടെ അകമ്പടിയോടെആരംഭിച്ച ചുകപ്പ് സേനാമാര്ച്ചും സമ്മേളന പ്രതിനിധികളുടെ പ്രകടനവും പൊതു സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണന് നഗറില്‍ സംഗമിച്ചു. ഏരിയയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ ചെറു സംഘങ്ങളും എത്തിയതോടെ മിനിസ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ചുകപ്പണിഞ്ഞു.
പൊതുസമ്മേളനത്തില്‍ ഏരിയാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി. പ്രീത കൂത്ത് പറമ്പ്, ആര് ഗോപാലന്, പി രാജന്, വി പി ഗോപാലകൃഷ്ന്, എന്‍ ബാലകൃഷ്ണന്, കെ പി ഗിരിജ, പി പി ചന്ദ്രശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്മാന് പി ശ്രീധരന് സ്വാഗതം പറഞ്ഞു.