മൊകേരി: കത്തുന്ന നിലവിളക്കിന് മുന്നില്‍ കരിങ്കുട്ടി ചാത്തന് തെയ്യം നിറഞ്ഞാടുന്നു. മുറുകുന്ന ചെണ്ടമേളത്തിനിടയില്‍ തെയ്യത്തിന്റെ അലര്‍ച്ച. ഭക്തരില്‍ ഭയവും ഭക്തിയും. വേറിട്ട അനുഭൂതി പകരുന്ന തെയ്യക്കോലം ഓരോരുത്തരുടേയും മനസില്‍ ആഴ്ന്നിറങ്ങുന്നു. ഇത്തരം എത്രയെത്ര സുന്ദര മുഹൂര്‍ത്തങ്ങള്‍ക്കാണ് ഈ മണ്ണ് സാക്ഷിയായത്.
മായാത്ത വേഷപകര്‍ച്ചകളുടെ ആശാനായി കരുതുന്ന മൊകേരിയിലെ കുഞ്ഞിരാമപണിക്കര്‍ ഇനിയില്ലെന്നത് വിശ്വസിക്കാനാവുന്നില്ല. പതിറ്റാണ്ടുകള്‍ ക്ഷേത്രകലകള്‍ക്കൊപ്പം ജീവിതം കൊണ്ടുപോയ അദ്ദേഹം കാലപ്രവാഹത്തില്‍ അരങ്ങൊഴിഞ്ഞിരിക്കുന്നു.
പോലിസ് സേനയില്‍ ഔദ്യോഗിക ജീവിതവുമായി മുന്നോട്ട് പോകുമ്പോഴും പാരമ്പര്യമായി പകര്‍ന്ന് കിട്ടിയ അനുഷ്ഠാന കലാരൂപമായ തെയ്യവും വാദ്യവുമായി കടത്തനാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ പണിക്കര്‍ നിറഞ്ഞാടി. പിതാവായ പരേതനായ ചാത്തുപണിക്കരുടെ പാത പിന്തുടര്ന്നാണ് കുഞ്ഞിരാമപ്പണിക്കര്‍ വേഷം അണിഞ്ഞത്. ഗുളികനും കുട്ടിച്ചാത്തനും വിഷ്ണുമൂര്ത്തിയും വസൂരിമാലയും മറ്റ് അനേകം ദൈവക്കോലങ്ങളുമായി അദ്ദേഹം അരങ്ങ് തകര്‍ത്തു. തോറ്റങ്ങളും കുഞ്ഞിരാമപ്പണിക്കര്‍ മനഃപാഠമാക്കി. നിരവധി ശിഷ്യരെ സമ്പാദിച്ച അദ്ദേഹം വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാരുടെ ശിഷ്യനാണ്. കുഞ്ഞിരാമ പണിക്കര്‍ക്ക് വിശിഷ്ട സേവനത്തിന് 2016 ല്‍ മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചിട്ടുണ്ട്.
സമൂഹത്തിന്റെ വിവിധ
ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് പേര് വീട്ടിലെത്തി പണിക്കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു, ഔദോഗിക പോലീസ് അകമ്പടിയോടെ ശനിയാഴ്ച വൈകീട്ട് വീട്ട് വളപ്പില്‍ സംസ്കരിച്ചു. തുടര്‍ന്നു
നടന്ന അനുശോചനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത, സ്റ്റാന്‍ഡിങ് ചെയര്‍പേഴ്സണ്‍ റീന സുരേഷ്, വാര്‍ഡ് മെമ്പര്‍ രതീഷ്, കുനിയില്‍ ശശീന്ദ്രന്, കെ.പി.ബാബു, പി.നാണു മുതലായവര്‍ പ്രസംഗിച്ചു
-ആനന്ദന് എലിയാറ