കുറ്റ്യാടി: കോഴ്സ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ സംഭവത്തില്‍ സ്ഥാപന മാനേജര്‍ റിമാന്റില്‍. കുറ്റ്യാടി പോലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ നാദാപുരം വരിക്കോളി കൂര്‍ക്കച്ചാലില്‍ ലിനീഷിനെ (46)യാണ് നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്.
ലാബ് ടെക്നീഷ്യന് കോഴ്സ്, നഴ്സിങ് അസിസ്റ്റന്റ് കോഴ്സ് എന്നിവയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി വഞ്ചിച്ചു എന്ന പരാതിയിലാണ് ഇയാളെ കഴിഞ്ഞ ദിവസം കുറ്റ്യാടി സബ് ഇന്‍സ്പെക്ടര്‍ സി.ജയനും സംഘവും അറസ്റ്റ് ചെയ്തത്. നാദാപുരത്തും ഗേറ്റ് അക്കാദമി എന്ന പേരില്‍ ലിനീഷ് സ്ഥാപനം നടത്തിയിരുന്നു. 2014ലും വ്യാജ സര്‍ട്ടിഫിക്കറ്റ് പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 2021 ല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഹോളോഗ്രാം മുദ്രയും സീലും പതിച്ച സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കോടതിയില്‍ ഹാജരാക്കി. കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോഴ്സിന് ചേര്‍ക്കുകയായിരുന്നു. രണ്ട് വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഒടുവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി വിദ്യാര്‍ഥികളെ പറ്റിക്കുകയായിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.