തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷണമായി ഇന്നും വിവിധ ജില്ലകളില്‍ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കന്‍ജില്ലകളില്‍ കനത്ത മഴ പ്രതീക്ഷിക്കുമ്പോള്‍ വടക്കന്‍കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെയും സംസ്ഥാനത്ത് പരക്കെ കനത്ത മഴയാണ് ഉണ്ടായത്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.