വടകര: മാലിന്യപ്രശ്നത്തിന്റെ പേരില്‍ ജനരോഷത്തിന് ഇരയായ സ്ഥാപനത്തിനു നേരെ ദേശീയപാതയോരം
കൈയേറിയെന്ന പരാതി കൂടി ഉയരുന്നു. പെരുവാട്ടുംതാഴ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ബിരിയാണിപീടികക്കു നേരെയാണ് പൊതുസ്ഥലം കൈയേറിയെന്ന പരാതി.
ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഈ സ്ഥാപനത്തിനെതിരെ മാലിന്യപ്രശ്നം ചൂണ്ടിക്കാട്ടി പരിസരവാസികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സമീപത്തെ കിണറുകള്‍ മലിനമായ സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റിയും വാര്‍ഡ് മെമ്പറും ചേര്‍ന്ന് കഴിഞ്ഞ ആഴ്ച ഹോട്ടല്‍ അടപ്പിക്കുകയുണ്ടായി. മാലിന്യപ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഹോട്ടല്‍ ഉടമകള്‍ ഉറപ്പു നല്‍കിയതോടെയാണ് നാട്ടുകാരുടെ രോഷം തണുത്തത്. ഇതിനു പിന്നാലെ ഹോട്ടലിനു മുന്നില്‍ കുഴികളെടുത്ത് മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഹോട്ടല്‍ വീണ്ടും തുറന്നു. ഇതിനിടയിലാണ് ദേശീയപാതയുടെ സ്ഥലം കൈയേറിയെന്ന പരാതി ഉയരുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് ദേശീയപാത അതോറിറ്റിക്ക് ലഭിച്ചത്. ഇക്കാര്യത്തില്‍ സ്ഥലപരിശോധന നടത്താന്‍ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയരക്ടര്‍ അശുതോഷ് സിഹ്ന വടകര ലാന്റ് അക്വിസിഷന്‍ (എല്‍എ) തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയതായി അറിയുന്നു.
ബിരിയാണി പീടിക എന്ന സ്ഥാപനം ദേശീയപാതയുടെ സ്ഥലം കൈയേറിയെന്ന് നിരവധി പരാതികള്‍ ലഭിച്ചതായും പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ എല്‍എ തഹസില്‍ദാറോട് നിര്‍ദേശിച്ചതായും ദേശീയപാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. സ്ഥലം സര്‍വേ ചെയ്യാനാണ് വടകര എല്‍എ തഹസില്‍ദാര്‍ക്ക് നല്കിയ നിര്‍ദേശം. ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയരക്ടര്‍ നിര്‍ദേശിച്ചതുപ്രകാരം അടുത്ത ദിവസം തന്നെ സ്ഥലം സര്‍വേ ചെയ്ത് തുടര്‍ നടപടി കൈക്കൊള്ളുമെന്ന് എല്‍എ തഹസില്‍ദാര്‍ വെളിപ്പെടുത്തി.
അതേ സമയം പൊതുസ്ഥലം കൈയേറിയിട്ടില്ലെന്നും അധികൃതര്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവുമെന്നും ബിരിയാണി പീടിക മാനേജ്മെന്റ് വ്യക്തമാക്കി. ഏവരുടേയും മതിപ്പുപിടിച്ചുപറ്റുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ അനാവശ്യ വിവാദം കുത്തിപ്പൊക്കുകയാണെന്നും ഇവര്‍ പറഞ്ഞു.