നാദാപുരം: സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നാദാപുരം താലൂക്ക് ആശുപത്രിയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിനിടെ സമര പ്രഖ്യാപനം നടത്തി ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗം ഉള്‍പ്പെടെ സ്തംഭിപ്പിച്ച് സമരം ശക്തമാക്കുമെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) മുന്നറിയിപ്പ് നല്കി. നിയമലംഘനം നടത്തി യോഗ്യത ഇല്ലാത്ത സ്വന്തക്കാരെ ആശുപത്രിയില്‍ തിരുകിക്കയറ്റാന്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കെജിഎംഒഎ നേതൃത്വത്തില്‍ ആശുപത്രി പരിസരത്ത് യോഗം സംഘടിപ്പിച്ചു.
ഔദ്യോഗിക ചുമതലകള്‍ നിര്വ്വവഹിക്കാന് സൂപ്രണ്ടിനെ അനുവദിക്കുക, യോഗ്യതയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിച്ച് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് മതിയായ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ ആവശ്യം.
നാദാപുരം താലൂക് ആശുപത്രിയില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരമുള്ള റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ അതിനെ മറികടന്ന് യോഗ്യത ഇല്ലാത്ത സ്വന്തക്കാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കാന്‍ ശ്രമിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികളുടെ നടപടി നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ഇതിന് കൂട്ട് നില്കാതിരുന്ന ആശുപത്രി സുപ്രണ്ടിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും നിരന്തരം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതിനെതിരെ കെജിഎംഒഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഡോക്ടര്‍മാക്കും മറ്റ് ജീവനക്കാര്‍ക്കും ആശുപത്രിയില്‍ സുരക്ഷിതമായും സമാധാനത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും അതിനു വിഘാതം നില്ക്കുന്ന നടപടികള്‍ തുടര്‍ന്നാല്‍ നവംബര്‍ 10 മുതല്‍ അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിര്‍ത്തി വെച്ച് പ്രതിഷേധിക്കാന്‍ സംഘടന നിര്‍ബന്ധിതരാവുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നല്കി.
ആശുപത്രി പരിസരത്ത് നടന്ന പ്രതിഷേധ സമരം സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എന്‍.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. വിപിന്‍ വര്‍ക്കി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.മുരളീധരന്, ജില്ലാ സെക്രട്ടറി ഡോ. അഫ്സല് സി കെ, ഡോ ജമീല്‍ ഷാജര്‍.ഡോ പി.എസ് സുനില്‍ കുമാര്‍, ഡോ.എം.എ. ഷാരോണ്‍ , ഡോ. സരള നായര്‍, ഡോ. സലീമ പി, ഡോ. ഷീബ ടി ജോസഫ്, ഡോ. സന്ധ്യ കുറുപ്പ്, ഡോ. രാജു ബല്‍റാം, ഡോ. റിയാസ്, ഡോ.കെ. അശ്വതി, ഡോ. ലിനീഷ് ടി ടി തുടങ്ങിയവര്‍ സംസാരിച്ചു.