അഴിയൂര്‍: സിപിഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് അഴിയൂരില്‍ പതാക ഉയര്‍ന്നു. ഇരുപത്തിനാലാമത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ശനി, ഞായര്‍ ദിവസങ്ങളിലായി ചോമ്പാലില്‍ നടക്കുന്ന സമ്മേളനത്തിന്റെ പതാക-കൊടിമര-ദീപശിഖ ജാഥകളെ നാട് വരവേറ്റു.
ഒഞ്ചിയം രക്തസാക്ഷി സ്ക്വയറില്‍ നിന്ന് ആര്. ഗോപാലന്റെ നേതൃത്വത്തിലാണ് പതാക ജാഥ പുറപ്പെട്ടത്. രക്തസാക്ഷി മേനോന് കണാരന്റെ മകള്‍ നാണി പതാക ഏല്‍പ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന് സംസാരിച്ചു. വിപി ഗോപാലകൃഷ്ണന് അധ്യക്ഷനായി. കെ എം പവിത്രന് സ്വാഗതം പറഞ്ഞു.
ഏരിയാ സെക്രട്ടറിയായിരുന്ന ഇ എം ദയാനന്ദന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് കൊടിമര ജാഥ. ദയാനന്ദന്റെ ഭാര്യ കെ.സീത കൊടിമരം കൈമാറി. എസ്എഫ്ഐ നേതാവായിരുന്ന രക്തസാക്ഷി പി.കെ.രമേശന്റെ ബലികുടീരത്തില്‍ നിന്ന് പി.രാജന്റെ നേതൃത്വത്തിലുള്ള ദീപശിഖ, രമേശന്റെ സഹോദരന് പി.കെ.ചന്ദ്രന് കൈമാറി.
നിരവധി അത്ലറ്റ്കളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റ് വാങ്ങിയ ജാഥകള്‍ കുഞ്ഞിപ്പള്ളിയില്‍ കേന്ദ്രീകരിച്ച ശേഷം പൊതുസമ്മളന വേദിയായ ചോമ്പാല്‍ മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണന് നഗറില്‍ സംഗമിച്ചു.
സ്വാഗതസംഘം ചെയര്മാന് പി.ശ്രീധരന് പതാക ഉയര്‍ത്തി. ഏരിയാ സെക്രട്ടറി ടി പി ബിനീഷ് സമേളന നഗരിയില്‍ ദീപം ജ്വലിപ്പിച്ചു.
കണ്‍വീനര്‍ എംപി ബാബു അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി പി വി സുജിത് സ്വാഗതം പറഞ്ഞു.