വടകര: കേരളം കണ്ട എക്കാലത്തെയും പ്രതിഭാധനനായ രാഷ്ട്രീയനേതാവ് സി.എച്ച്.മുഹമ്മദ് കോയയെ പുതുതലമുറയ്ക്ക് അടുത്തറിയാന്‍ അദ്ദേഹത്തിന്റെ മകന് ഡോ.എം.കെ.മുനീറിലൂടെ സാധിച്ചുവെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഹരിതം വടകര സംഘടിപ്പിച്ച മൂന്നാമത് ഹരിത രത്നം-24 പുരസ്കാരം എം.കെ.മുനീര്‍ എംഎല്‍എക്ക് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പുരുഷായുസിന് ചെയ്യാന്‍ പറ്റാത്ത നന്മകള് കേവലം അഞ്ചര പതിറ്റാണ്ട് കൊണ്ട് കേരളീയ സമൂഹത്തിന് അനുഭവവേദ്യമാക്കാന്‍ സി.എച്ചിന് സാധിച്ചത് പോലെ അതിന്റെ തുടര്‍ച്ച ഉണ്ടാക്കാന്‍ മുനീറിനും കഴിഞ്ഞിട്ടുണ്ടെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഹാരിസ് ബീരാന് എംപി മുഖ്യപ്രഭാഷണം നടത്തി. നിരവധി പുരസ്കാരങ്ങളും അവാര്‍ഡുകളും ലഭിച്ചെങ്കിലും പാണക്കാട് തങ്ങളില്‍ നിന്ന് ഹരിതരത്ന പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ ഉണ്ടായ അനുഭൂതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്ന് എം.കെ.മുനീര്‍ പറഞ്ഞു.
ചടങ്ങില്‍ ഹരിതം വടകര പ്രസിഡന്റ് അഷ്റഫ് കോറോത്ത് അധ്യക്ഷത വഹിച്ചു. എന്‍ വേണു, അഡ്വ.ഐ.മൂസ, പാറക്കല്‍ അബ്ദുല്ല, എംസി വടകര,
ഒ.കെ.കുഞ്ഞബ്ദുള്ള, എന്‍.പി.അബ്ദുല്ല ഹാജി, ജൂറി അംഗങ്ങളായ സമദ് പൂക്കാട്, വി.കെ.മൂസ, പി.കെ.സി.അഫ്സല്, നുസൈബ മൊട്ടമ്മല്‍, ശുഹൈബ് കുന്നത്ത്, അഫ്നാസ് ചോറോട് തുടങ്ങിയവര്‍ സംസാരിച്ചു. ചൂരല്‍മല ദുരന്തത്തില്‍ സേവനം ചെയ്ത വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരെ ചടങ്ങില്‍ ആദരിച്ചു.
ഹരിതം ജനറല്‍ സെക്രട്ടറി സി.ഷിജാര്‍ സ്വാഗതവും വി.പി.ഷംസീര്‍ നന്ദിയും പറഞ്ഞു.