ഒഞ്ചിയം: ജലജീവന്‍ മിഷന് പദ്ധതിയുടെ പേരില്‍ അശാസ്ത്രീയമായി റോഡ് വെട്ടി മുറിച്ച് പുനര്‍നിര്‍മാണം നടത്താതെ ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ആര്‍എംപിഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാര്‍ കൃത്യ സമയത്ത് ഫണ്ട് അനുവദിക്കാത്തതിനാല്‍ ജലജീവന്‍ മിഷന് പദ്ധതിക്ക് വേണ്ടി പൈപ്പിടല്‍ നടന്ന റോഡുകള്‍ മാസങ്ങളായി പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പെടുന്നത് നിത്യ സംഭവമാവുകയാണ്. ദേശീയപാത വികസനത്തിന്റെ പേരില്‍ യാത്രാദുരിതമനുഭവിക്കുന്ന പൊതുജനത്തിന് പ്രാദേശികറോഡുകള്‍ കൂടി തകര്‍ന്ന് കിടക്കുന്നത് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. ആശുപത്രി, സ്കൂള്‍ യാത്രകള്‍ക്കു കടുത്ത പ്രതിസന്ധിയാണ് ഉണ്ടാവുന്നത്.
നാടിന്റെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കേണ്ട ഫണ്ടുകള്‍ അധികാര ധൂര്‍ത്തിനും പരസ്യങ്ങള്‍ക്കുമായി ചെലവഴിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അടിയന്തരമായി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഗ്രാമപഞ്ചായത്ത് ഫണ്ടുകള്‍ വെട്ടിച്ചുരുക്കുന്ന പിണറായി സര്‍ക്കാര്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന കേന്ദ്ര ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ച് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് യാത്രാദുരിതത്തിന് നേരെ മുഖം തിരിക്കുന്ന സര്‍ക്കാറിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ആര്‍എംപിഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താനയില് അറിയിച്ചു. കെ.ഭാസ്കരന് അധ്യക്ഷത വഹിച്ചു. ടി.കെ സിബി, എന്‍.പി ഭാസ്കരന്, കെ.കെ.സദാശിവന്, ടി.കെ.വിമല എന്നിവര്‍ സംസാരിച്ചു.