വടകര: സിക്കീം സര്‍ക്കാറിന്റെ സൂപ്പര്‍ ക്യൂന്‍ വീക്കിലി ലോട്ടറിയുടെ വ്യാജ ടിക്കറ്റ് ഉപയോഗിച്ചു പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. പേരാമ്പ്ര നൊച്ചാട് കനാല്‍പ്പാലം റഫീക്കിനെയാണ് (40) വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റ് എ.എം.ഷീജ വിട്ടയച്ചത്.
2-1-2009 ജനുവരി രണ്ടിന് എടച്ചേരി പത്മനാഭ ലോട്ടറി സ്റ്റാളില്‍ നിന്നു വ്യാജ ലോട്ടറി ഒറിജിനല്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങാന്‍ ശ്രമിച്ചു എന്നാരോപിച്ചു എടച്ചേരി പോലീസാണ് റഫീക്കിനെതിരെ കേസെടുത്തത്. പിന്നീട് കുറേ ദിവസം റഫീക്ക് ജയിലില്‍ കഴിഞ്ഞു. ചതിക്കുന്നതിനു കളവായി വ്യാജ രേഖ ചമക്കല്‍ (468 ഐപിസി), ആയത് ഒറിജിനലാണെന്ന് തെറ്റിദ്ധരിപ്പിക്കല്‍ (471 ഐപിസി), രേഖ നല്കി ചതിക്കല്‍ (420 ഐപിസി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഈ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. പ്രതിക്കു വേണ്ടി അഡ്വ.പി.പി.സുനില്‍ കുമാര്‍ ഹാജരായി.