കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മന്നഹിദായത്ത് നഗർ സ്വദേശികളായ സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാഹിർ ചൊവ്വാഴ്ചയും അൻവർ ഇന്നുമാണ് മരണത്തിന് കീഴടങ്ങിയത്.
ഇവരുടെ കുടുംബാംഗങ്ങൾ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ തുടരുകയാണ്. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. തളിപ്പറമ്പിലെ പ്രമുഖ വ്യവസായി പി.സി.സി.മുഹമ്മദ് ഹാജി-ആമിന ദമ്പതികളുടെ മക്കളാണ് മരിച്ച സഹോദരങ്ങൾ.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഹിദായത്ത് നഗർ സ്വദേശികളായ 15 ഓളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നതാണ്.