വടകര: മഴ പെയ്താല്‍ ജെടി റോഡില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നു. ഇതിനായി റോഡ് ഉയര്‍ത്തി നവീകരണം നടത്താനാണ് പിഡബ്ല്യുഡി തീരുമാനം. ഇതിന്റെ പ്രവൃത്തി അടുത്തയാഴ്ച തുടങ്ങുമെന്ന് കെ.കെ.രമ എംഎല്‍എ അറിയിച്ചു. കഴിഞ്ഞ ദിവസം വടകര ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ പൊതുമരാമത്ത് എഞ്ചിനീയര്‍ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയതായി എംഎല്‍എ പറഞ്ഞു. 20 ലക്ഷമാണ് എസ്റ്റിമേറ്റ്. മഴക്കാലത്ത് വലിയ തോതില്‍ വെള്ളം കയറുന്ന ഇവിടെ വാഹനയാത്രയ്ക്കും കാല്‍നടയാത്രക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. റോഡിന്റെ ഓരോ വശങ്ങളിലും കള്‍വെര്‍ട്ട് പ്രവൃത്തി നടക്കും. അതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചതായി എംഎല്‍എ പറഞ്ഞു.