വടകര: തൊഴില്‍തട്ടിപ്പിനിരയായി കംബോഡിയയില്‍ കുടുങ്ങിയ വടകരക്കാര്‍ അടക്കമുള്ളവര്‍ നാട്ടിലെത്തി. പിറന്ന മണ്ണില്‍ എത്തിയതിലെ ആശ്വാസത്തിലാണ് ഇവര്‍. കൊടിയ യാതനയും പീഡനവും അനുഭവിച്ച ശേഷമുള്ള രക്ഷപ്പെടല്‍. മണിയൂര്‍ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂല്താഴ അരുണ്‍, പിലാവുള്ളതില്‍ സെമില്‍ദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായിമീത്തല്‍ അശ്വന്ത് എന്നിവരാണ് നാട്ടിലെത്തിയത്. കൊച്ചിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ നാട്ടിലെത്തിയത്. ഇവര്‍ക്കു പുറമെ മലപ്പുറം സ്വദേശിയും മംഗലാപുരം സ്വദേശിയും നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച രാത്രി വൈകിയാണ് മലേഷ്യയില്‍ നിന്നു കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇവര്‍ എത്തിച്ചേര്‍ന്നത്. തൊഴില്‍തട്ടിപ്പ് സംബന്ധിച്ച് നെടുമ്പാശേരി പോലീസില്‍ മൊഴി നല്കിയ ശേഷമായിരുന്നു നാട്ടിലേക്കുള്ള മടക്കം.
തായ്ലന്റിലെ പരസ്യ കമ്പനികളിലും ഐടി കമ്പനികളിലുമാണ് ജോലിയെന്ന് പറഞ്ഞാണ് ഒരു ലക്ഷം രൂപയുടെ വിസയില്‍ അങ്ങോട്ട് പോയത്. തായ്ലാന്ഡില് എത്തിയശേഷമാണ് കംബോഡിയയിലാണ് ജോലി എന്നുപറയുന്നത്. സൈബര്‍ തട്ടിപ്പ് ഉള്‍പെടെ ചെയ്യുന്ന കമ്പനിയാണ് കമ്പോഡിയയിലേത്. ഈ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ ക്രൂരമായ പീഡനമാണ് ഏല്‍ക്കേണ്ടിവന്നത്.
ഒക്ടോബര്‍ മൂന്നിനാണ് ഇവര്‍ കംബോഡിയയില്‍ തട്ടിപ്പ് സംഘത്തിന്റെ കൈയില്‍ അകപ്പെട്ടത്. ക്രൂര മര്‍ദനത്തിന് ഇരയായി. ഇരുമ്പ് ദണ്ഡ്കൊണ്ടുപോലും തല്ലി. മറക്കാനാവാത്ത അനുഭവമാണ് ഈ ദിവസങ്ങളിലുണ്ടായത്. മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ടാക്സിഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെട്ട് കംബോഡിയയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തുകയായിരുന്നു. തുടന്നാണ് നാട്ടില്‍ വിവരമറിഞ്ഞത്. ഷാഫി പറമ്പില്‍ എംപി, കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ എന്നിവര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയില്‍പെടുത്തി. സംസ്ഥാനസര്‍ക്കാര്‍ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ വേണ്ട ഇടപെടലുകള്‍ നടത്തി. തുടര്‍ന്നാണ് നാട്ടിലേക്കുള്ള യാത്ര എളുപ്പമായത്. നാട്ടിലെത്തിയവരെ കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ സന്ദര്‍ശിച്ചു. ആവശ്യമായ നിയമസഹായം ഉള്‍പ്പെടെ ചെയ്യുമെന്ന് എംഎല്‍എ പറഞ്ഞു