കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. മജിസ്ട്രേറ്റിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി. അതേസമയം, പി പി ദിവ്യ നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരും.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്. മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ഉത്തരവിൽ പി പി ദിവ്യയ്ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണ് ഉള്ളത്. സാധാരണ പുറപ്പെടുവിക്കാറുള്ള മുൻകൂർ ജാമ്യ ഉത്തരവുകളേക്കാൾ സമഗ്രമായ വിധിയിൽ കേസിന്റെ നിയമപരമായ നിലനിൽപ് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളിക്കളഞ്ഞു. കരുതിക്കൂട്ടി വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തി.