വടകര: കുന്ദമംഗലത്ത് നടന്ന കോഴിക്കോട് റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ 428 പോയിന്റുമായി മേമുണ്ട ഹയര്‍സെക്കന്ററി സ്കൂള്‍ ഓവറോള്‍ കിരീടം ചൂടി. സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് (367 പോയിന്റ്) രണ്ടാം സ്ഥാനവും മേപ്പയൂര്‍ ജിവിഎച്ച്എസ്എസ് (362 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. മേമുണ്ടയുടെ കരുത്തില്‍ തോടന്നൂര്‍ ഉപജില്ല ജില്ലയില്‍ മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ വര്‍ഷവും മേമുണ്ടക്കായിരുന്നു ജില്ലയില്‍ ഓവറോള്‍.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായ ശാസ്ത്ര മേളയില്‍ 59 പോയിന്റുമായി ഓവറോള്‍ കരസ്ഥമാക്കി ജില്ലയിലെ മികച്ച ശാസ്ത്ര വിദ്യാലയമായി മേമുണ്ട മാറി. ശാസ്ത്ര നാടകത്തിലും മേമുണ്ടക്കാണ് ഒന്നാം സ്ഥാനം. ജനശ്രദ്ധ പിടിച്ചു പറ്റിയ നാടകമാണ് മേമുണ്ട അവതരിപ്പിച്ച ശാസ്ത്രനാടകം ‘തല’. മികച്ച നടനായി നാടകത്തിലെ ഫിദല്‍ ഗൗതം തെരഞ്ഞെടുക്കപ്പെട്ടു. നാടക സംവിധായകന് ജിനോ ജോസഫിന് മികച്ച സംവിധാനം, രചന എന്നിവയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.
ഗണിതശാസ്ത്ര മേളയിലും സാമൂഹ്യശാസ്ത്ര മേളയിലും മേമുണ്ടക്കാണ് ഓവറോള്‍. 123 പോയിന്റ് നേടിയാണ് ജില്ലയിലെ മികച്ച ഗണിതശാസ്ത്ര വിദ്യാലയമായി മേമുണ്ട മാറിയത്. സാമൂഹ്യശാസ്ത്ര മേളയില്‍ 67 പോയിന്റുമായി ഓവറോള്‍ കരസ്ഥമാക്കി. ജില്ലയില്‍ വിജയിച്ച മേമുണ്ടയിലെ 20 വിദ്യാര്‍ഥികളാണ് ആലപ്പുഴ നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്നത്.
ഗണിതശാസ്ത്ര മേളയില്‍ മേമുണ്ടയിലെ ഗണിത അധ്യാപകനായ കെ.സന്തോഷ് പഠനോപകരണ നിര്‍മാണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. പ്രവൃത്തിപരിചയ മേളയില്‍ 152 പോയിന്റും ഐടി മേളയില്‍ 27 പോയിന്റും മേമുണ്ട കരസ്ഥമാക്കി. ഈ പോയിന്റുകളും ചേര്‍ത്താണ് മേമുണ്ടക്ക് ഓവറോള്‍ ലഭിച്ചത്. ജില്ലാ ശാസ്ത്രോത്സവത്തില്‍ പങ്കെടുത്ത് വിജയിച്ച പ്രതിഭകളെയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും മാനേജ്മെന്റും പിടിഎ യും അഭിനന്ദിച്ചു.