നീലേശ്വരം (കാസർകോട്): നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പോലീസ് കേസെടുത്തു. പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായെന്നും ക്ഷേത്ര മതിലിനോട് ചേർന്ന് ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത് എന്നും
പോലീസ് വ്യക്തമാക്കി . അപകടത്തിൽ ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് , സെക്രട്ടറി എന്നിവരെ കസ്റ്റഡിയിലെടുത്തതായി ജില്ലാ കലക്ടർ ഇമ്പശേഖരൻ അറിയിച്ചു . വെടിക്കെട്ട് നടത്താൻ അനുമതി ഉണ്ടായിരുന്നില്ല . മാനദണ്ഡങ്ങൾ പാലിച്ചില്ല. പടക്കം സൂക്ഷിച്ചതിന് അടുത്തുതന്നെയാണ് വെടിക്കെട്ട് നടത്തിയത് . കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി. പടക്കം സൂക്ഷിച്ച സ്ഥലത്ത് തീപ്പൊരി വീണാണ്
സ്ഫോടനം ഉണ്ടായതെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ അറിയിച്ചു. കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് പുരക്ക് തീപിടിച്ചാണ് വൻ സ്ഫോടനം നടന്നത് . അപകടത്തിൽ 150ലേറെ പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ് . നിലവിൽ 97 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.