വടകര: യുപിയിലെ ഗോരക്പൂരില്‍ നടന്ന ഇരുപത്തഞ്ചാമത് സബ് ജൂനിയര്‍ നാഷണല്‍ റോവിംഗ് (തുഴച്ചല്‍) ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ കേരള ടീമില്‍ മയ്യന്നൂര്‍ സ്വദേശിയും. ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലെ പുന്നമട അക്കാദമിയില്‍ പരിശീലിക്കുന്ന മയ്യന്നൂരിലെ എം.എസ്.മിത്രനന്ദയാണ് ഈ മിടുക്കി. ആലപ്പുഴ ഡിഎസ്എയിലെ കെ.പി.ദേവനന്ദ, അശ്വതി കൃഷ്ണന്, അനുഷ്ക മേരി എന്നിവരാണ് ടീമിലെ മറ്റുതാരങ്ങള്‍. 25, 26 തിയ്യതികളിലായി ഗോരക്പൂരില്‍ നടന്ന പെണ്‍കുട്ടികളുടെ ചാമ്പ്യന്‍ഷിപ്പില്‍ 01.44.9 മിനുട്ട് കൊണ്ടാണ് ടീം 500 മീറ്ററില്‍ സ്വര്‍ണം തുഴഞ്ഞെടുത്തത്.
ആലപ്പുഴ സനാതന ധര്‍മ വിദ്യാലയത്തില്‍ പത്താംതരത്തില്‍ പഠിക്കുന്ന മിത്രനന്ദ ഈ രംഗത്ത് കൂടുതല്‍ ഉയരങ്ങള്‍ താണ്ടാനുള്ള പരിശ്രമത്തിലാണ്. റോവിംഗില്‍ അതിയായ താല്പര്യമുള്ള മിത്രനന്ദ എട്ട് മുതല്‍ ആലപ്പുഴയിലാണ് പഠിക്കുന്നത്. മയ്യന്നൂരിലെ മുരളീധരന് കല്ലാട്ട്- ഷെര്‍ലി ദമ്പതികളുടെ മകളാണ്. ബിനു കുര്യനും എല്‍.ബി.സണ്ണിയുമാണ് പരിശീലകര്‍.