നാദാപുരം: ഏഴാം ക്ലാസ് വിദ്യാർഥിനി അയിഷ അലിഷ്ബയുടെ ഇംഗ്ലീഷ് ഫാന്റസി നോവൽ ‘ടേൽസ് ഓഫ് ലോക് വുഡ്ലാൻറ് ദി ബ്ലൂ ഗേറ്റ്’ ൻ്റെ കവർ പ്രകാശനം ഡോ:എം.കെ.മുനീർ എം.എൽ.എ നിർവഹിച്ചു.വായനയുടെ സഞ്ചാര പഥത്തിലൂടെ പുതിയ തലമുറക്ക് കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കുമെന്നും അതിന്റെ തെളിവാണ് അലിഷ്ബയുടെ ഇംഗ്ലീഷ് ഫാന്റസി നോവലെന്നും മുനീർ പറഞ്ഞു.
പുസ്തകത്തിന്റെ പ്രകാശനം 9 ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നടക്കും.
തികച്ചും അപ്രതീക്ഷിതമായ ഒരു ലോകത്ത് എത്തിപ്പെടുന്ന മൂന്ന് കുട്ടികൾ, ആ വിചിത്ര
ലോകത്ത് നിഗൂഡവും അതി സാഹസികവുമായ അനുഭവങ്ങളിലൂടെ കടന്ന് പോകുന്നതാണ് ഫാന്റസി നോവൽ വരച്ചു കാട്ടുന്നത്.വായനക്കാരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന കഥാ സന്ദർഭങ്ങൾ ധാരാളമായി സൃഷ്ടിക്കാൻ കഥാകൃത്തിന് സാധിച്ചതായി അവതാരിക എഴുതിയ ഡോ:കെ.ജയകുമാർ ഐ.എ.എസ്.പറഞ്ഞു.
ദുഷ്ടശക്തികളുമായുളള പൊരുതലിൽ നന്മയുടെ വിജയം അത്ര എളുപ്പല്ലെന്നും നല്ലതെന്ന് നമുക്ക് തോന്നിയേക്കാവുന്ന പലതും നമുക്ക് ഉപദ്രവകരമായേക്കാമെന്നും വരികൾക്കിടയിലൂടെ നോവലിൽ വായിക്കാൻ സാധിക്കും. നരിപ്പറ്റ നമ്പ്യത്താംകുണ്ട്
സ്വദേശിയായ അലിഷ്ബ വട്ടോളി ഹൈടെക്ക് പബ്ലിക് സ്കൂൾ വിദ്യാർഥിനിയാണ്.ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.112 പേജാണ് പുസ്തകം.പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്തതും അയിഷ അലിഷ്ബയാണ്.സ്കൂളിലെ വിവിധ മൽസരങ്ങളിൽ കഥ കവിത, ചിത്ര രചന എന്നീ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.
ഉമ്മതൂർ എസ്.ഐ.എ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ എം.പി.സലീമിന്റെയും
ആരിഫയുടെയും മകളാണ്. കവർ പ്രകാശന ചടങ്ങിൽ നരിക്കോൾ ഹമീദ്ഹാജി.എം.പി.ജാഫർ,ഇസ്മായിൽ വാണിമേൽ തുടങ്ങിയവർ പങ്കെടുത്തു.