വടകര: ചോറോട് ഗവ. ഹയർ സെക്കന്ററി സ്കൂൾ സുവർണ ജൂബിലി ആഘോഷം ഒക്ടോബർ മുതൽ 2025 ജനുവരി വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 30ന് മൂന്നിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ കെ രമ എംഎൽഎ അധ്യക്ഷയാവും. ഷാഫി
പറമ്പിൽ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. ഒട്ടേറെ പ്രമുഖർ ആശംസകൾ നേരും. 1960 ൽ വി കൃഷ്ണകുറുപ്പ് പ്രസിഡൻ്റായി രൂപവത്കരിച്ച കമ്മിറ്റിയുടെ പ്രവർത്തനമാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്. 1974 ൽ പുതിയോട്ടിൽ രൈരു കുറുപ്പ് സൗജന്യമായി അനുവദിച്ച ഷെഡിൽ 27 പെൺകുട്ടികളെ പ്രവേശിപ്പിച്ച് സ്കൂൾ പ്രവർത്തനം തുടങ്ങി. മഠത്തിൽ വി കെ അഹമ്മദ് ഹാജിയാണ് വിദ്യാലയത്തിനാവശ്യമായ സ്ഥലം നൽകിയത്. 2000-2001 ൽ ഹയർ സെക്കൻഡറി വിഭാഗവും ആരംഭിച്ചു. 50 വർഷം പിന്നിടുമ്പോൾ
പാഠ്യപാഠ്യേതര മേഖലകളിൽ നിരവധി നേട്ടങ്ങൾ വിദ്യാലയം കൈവരിച്ചു.
വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി പി ചന്ദ്രശേഖരൻ, കൺവീനർ കെ.ജി.ദീപ, ഹെഡ്മിസ്ട്രസ് കെ സുധ, ശ്യാമള പൂവേരി, പ്രസാദ് വിലങ്ങിൽ, വി.കെ.ഷീബ എന്നിവർ പങ്കെടുത്തു.