പേരാമ്പ്ര: മുന്‍ സംസ്ഥാന ഭാരവാഹിയും 82 വയസിന്റെ നിറവില്‍ എത്തിനില്‍ക്കുന്ന മുതിര്‍ന്ന നേതാവുമായ പൂതേരി ദാമോദരന്‍ നായര്‍ക്ക് ജന്മദിനാശംസകള് നേര്‍ന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റി. മുളിയങ്ങലിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ആദരം ചൊരിഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സത്യപാലന് സംഘടനയ്ക്ക് വേണ്ടി പൂതേരിയെ പൊന്നാട അണിയിച്ചു. കേക്ക് മുറിയും ആദരിക്കല്‍ ചടങ്ങും കഴിഞ്ഞതിനുശേഷം ജില്ലാ കമ്മിറ്റി യോഗവും ചേര്‍ന്നു.
പുതുതായി രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്ന പേരാമ്പ്ര താലൂക്കില്‍ കോട്ടൂര്‍, അവിടനല്ലൂര്‍ വില്ലേജുകളെ കൂടി ഉള്‍പ്പെടുത്തണമെന്നും തങ്ങളുടെ തുച്ഛമായ വരുമാനത്തില്‍ നിന്നു സര്‍ക്കാരിന്റെ ക്ഷേമനിധിയിലേക്ക് പണമടക്കുന്ന നിര്‍മാണ തൊഴിലാളികള്‍ അടക്കമുള്ള വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് പെന്ഷന് ലഭിക്കാത്ത അവസ്ഥയ്ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഇ.കെ.അബൂബക്കര്‍ അധ്യക്ഷനായ യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി ബാലന് കുറുപ്പ്, സി.രാധാകൃഷ്ണന്, ടി. ബാലകൃഷ്ണന്, നളിനി നെല്ലൂര്‍, ജില്ലാ നേതാക്കളായ സോമന് ചാലില്‍, കെ.കെ.ഗോവിന്ദന്‍കുട്ടി, രാജപ്പന് എസ്.നായര്‍, കെഎം.ശ്രീധരന്, കെ.പി.വിജയ, ഇബ്രാഹിം തിക്കോടി, പി.ഹേമപാലന്‍, പൊന്നാറത്ത് ബാലന്, ടി.എം.അഹമ്മദ്, എം.കുട്ടി കൃഷ്ണന്, ടി.പി.രാഘവന്, ഒ.കുഞ്ഞിരാമന്, യു.പി കുഞ്ഞികൃഷ്ണന്, ഗിരിജാഭായ്, വി.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.സി.ബാലന് സ്വാഗതം പറഞ്ഞു.