വടകര: കംബോഡിയയില്‍ തൊഴില്‍ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ അകപ്പെട്ട പേരാമ്പ്ര സ്വദേശിയെ കണ്ടത്താന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. മനുഷ്യക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംപി അധികാരികളോട് ആവശ്യപ്പെട്ടു
തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ നിന്ന് രക്ഷപ്പെട്ട മണിയുര് സ്വദേശികളായ അഭിനവ്, അരുണ്‍, സെമില്‍ദേവ്, അഭിനന്ദ്, അശ്വന്ത്, എടപ്പാള്‍ സ്വദേശി അജ്മല്‍, മംഗ്ലൂര് സ്വദേശി റോഷന് എന്നിവര്‍ നാട്ടിലേക്കുള്ള വഴിയിലാണ്. പേരാമ്പ്ര സ്വദേശിയെ കണ്ടെത്തേണ്ടതുണ്ട്. തായിലന്റിലെ പരസ്യകമ്പനിയിലേക്കെന്ന് പറഞ്ഞ് പോയ യുവാക്കളെ കംബോഡിയന്‍ കമ്പനിക്ക് മറിച്ചു വില്‍ക്കുകയായിരുന്നു.
കുറ്റകരമായ സൈബര്‍ തട്ടിപ്പ് ജോലി ചെയ്യിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് നില്‍ക്കാത്തത് കാരണം ക്രൂരമായ മര്‍ദനത്തിന് ഇരയായി. യുവാക്കള്‍ക്കു പരിക്കു പറ്റിയിട്ടുണ്ട്. വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപി വിദേശകാര്യ മന്ത്രിയുമായും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. രണ്ടുപേരുടെ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ എയര്‍പോര്‍ട്ടില്‍ പിഴസംഖ്യ അടയ്ക്കാനുള്ള സഹായം ഷാഫി പറമ്പില്‍ എംപി ചെയ്തുവെന്ന് എംപിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.