ഗാസ: ഇറാനു നേരെ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ ഗാസയില്‍ കൂട്ടക്കുരുതി. വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര് കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയയിലെ ജനവാസ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്തവരെ അധിവസിപ്പിച്ചിരുന്ന കെട്ടിടമാണ് ആക്രമിച്ചത്. ശനിയാഴ്ച വൈകുന്നേരം മാത്രം ഇവിടെ 35 പേര് മരണപ്പട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബെയ്ത്ത് ലാഹിയയില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര് കൊല്ലപ്പെട്ടിരുന്നു.
അതേസമയം വടക്കന്‍ ഗാസയിലെ കമല്‍ അദ്വാന് ആശുപത്രി സമുച്ചയത്തില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങി. ആശുപത്രിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും സൈന്യം കസ്റ്റഡിയിലെടുത്തതായി പലസ്തീന് എന്‍ക്ലേവ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പിന്നീട് ഇവരെ വിട്ടയച്ചു. കമല്‍ അദ്വാന് ആശുപത്രി വെള്ളിയാഴ്ചയാണ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
17 ദിവസത്തിനിടെ മരണ സംഖ്യ 640
17 ദിവസം മുമ്പ് വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ ഉപരോധം ഏര്‍പെടുത്തിയതിന് ശേഷം കുറഞ്ഞത് 640 പാലസ്തീനികള്‍ക്ക് ജീവഹാനി സംഭവിച്ചു. ഒഴിഞ്ഞുപോവുക അല്ലെങ്കില്‍ മരണത്തിന് കീഴ്പെടുക എന്നതാണ് ഇസ്രായേല്‍ ആജ്ഞ. ഈ ‘ഉന്മൂലന യുദ്ധം’ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയം ഇസ്രായേലിന് ധൈര്യം പകരുന്നുവെന്നാണ് വിലയിരുത്തല്‍.
വടക്കന്‍ഗാസയില്‍ ഭക്ഷണവും വെള്ളവും മരുന്നും തീര്‍ന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടങ്ങളൊക്കെ തകര്‍ന്നു. പലരും ഇവയ്ക്കിടയില്‍ കുടുങ്ങികിടക്കുന്നു. അഭയാര്‍ഥി ക്യാമ്പിലും രക്ഷയില്ലാത്ത സ്ഥിതി. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ കടന്നു ഹമാസ് നടത്തിയ കൂട്ടക്കുരുതിക്കുള്ള ശിക്ഷ ഇസ്രായേല്‍ തുടരുകയാണ്.