വടകര: ജില്ലാ ശാസ്ത്ര നാടക മത്സരത്തില്‍ മേമുണ്ട ഹയര്‍സെക്കന്ററി സ്കൂള്‍ അവതരിപ്പിച്ച ‘തല’ എ ഗ്രേഡോടെ ഒന്നാം സ്ഥാനം
കരസ്ഥമാക്കി. ഇതേ നാടകത്തിലെ ഫിദല്‍ ഗൗതം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. നാടക രചനയ്ക്കും സംവിധാനത്തിനുമുള്ള അംഗീകാരം ജിനോ ജോസഫിനും ലഭിച്ചു. നിര്‍മിത ബുദ്ധിയാണ് നാടകത്തിന്റെ ഇതിവൃത്തം.
അന്ധവിശ്വാസത്തിനും പ്രകൃതി ചൂഷണത്തിനുമെതിരായ ശക്തമായ സന്ദേശമായി നാടകം. നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകര്‍ ‘തലയെ’ സ്വീകരിച്ചത്.
ഊരിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസത്ര ബോധം ഉയര്‍ത്തിപ്പിടിച്ച അച്ഛനും മകനും കേന്ദ്രകഥാപാത്രങ്ങളായാണ് നാടകം വികസിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ തുറന്ന് കാട്ടിയ അച്ഛനെ ഊരുവിലക്കി നാടുകടത്തിയെങ്കിലും ശാസ്ത്ര വഴി വിടാതെ പിന്തുടര്‍ന്ന മകന് ഊരുകാരുടെ ആരാധനാ മൂര്‍ത്തിയായ മാടന് വല്യച്ഛന്റെ തലയോട്ടിക്കകത്ത് എഐ ചിപ്പ് സ്ഥാപിച്ച് പ്രകൃതി ദുരന്തങ്ങളും മറ്റും കൃത്യമായി പ്രവചിക്കുന്നു. പ്രവചനങ്ങള്‍ പലതും യാഥാര്‍ഥ്യമായപ്പോള്‍ തലയോട്ടിക്കുള്ളില്‍ ഘടിപ്പിച്ച ചിപ്പ് പുറത്തെടുത്ത് ശാസ്ത്ര സത്യം വെളിപ്പെടുന്നിടത്ത് നാടകത്തിന് തിരശീല വീഴുന്നു.
‘മരിച്ച് മണ്ണടിഞ്ഞവരുടെ ചിതല് തിന്ന തലയോട്ടികളല്ല മരണമില്ലാത്ത ചിന്തകള്‍ പേറുന്നവരുടെ ജീവനുള്ള തലച്ചോറുകളാണ് ചരിത്രം രചിച്ചത്…..മനുഷ്യര്‍ നിര്‍മ്മിച്ച യന്ത്രങ്ങള്‍ ലോകം നിയന്ത്രിക്കുന്ന കാലത്ത് ഇനിയെങ്കിലും തലച്ചോറ് കൊണ്ട് ചിന്തിക്ക്’-നാടകം ആഹ്വാനം ചെയ്യുന്നു.
യാഷിന്റാം സി എം, ലാമിയ എസ് ആര്, നീഹാര്‍ ഗൗതം വി കെ, അദ്രിനാദ്, ഇഷാന്, ഫിദല്‍ ഗൗതം, ഹരിദേവ് ഒതയോത്ത്, വേദിക നിധിന് എന്നിവരാണ് നാടകം അരങ്ങിലെത്തിച്ചത്. സയന്‍സ് അധ്യാപകന് രാഗേഷ് പുറ്റാറത്ത് നടകസംഘത്തിന് നേതൃത്വം നല്കി.
ഇരുപത് വര്‍ഷമായി ശാസ്ത്ര നാടകത്തില്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ചരിത്രമാണ് മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂളിന്റേത്. ഈ വര്‍ഷവും ഇതേ ചുവടിലാണ് ഈ വിദ്യാലയം.