ടെഹ്റാന്: ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഇസ്രായേലിന്റെ തിരിച്ചടി. തലസ്ഥാനമായ ടെഹ്റാനിലും വിവിധ സൈനിക കേന്ദ്രങ്ങളിലും ഇസ്രായേല്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ വെളിപ്പെടുത്തി. പ്രാദേശിക സമയം പുലര്‍ച്ചെ 2.15ഓടെയാണ് ആക്രമണമുണ്ടായത്. സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും പ്രതികരിച്ചു. നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
കിഴക്കന്‍ ടെഹ്റാനിലും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡ് കേന്ദ്രങ്ങളിലും ആക്രമണം നടന്നതായി ഇറാനിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ചാനല്‍ 12 പറയുന്നു. സെന്‍ട്രല്‍ ടെഹ്റാനില്‍ തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ കേട്ടതായി എഎഫ്പി റിപ്പോര്‍ട്ടര്‍മാര്‍ അറിയിച്ചു.
കിഴക്കന്‍ ടെഹ്റാനില്‍ നാല് സ്ഫോടനങ്ങള്‍ നടന്നതായും തലസ്ഥാനത്ത് വ്യോമ പ്രതിരോധം ഇപ്പോഴും സജീവമാണെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും സ്ഫോടനമുണ്ടായി. എന്നാല്‍ വിമാനത്താവളം സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായും സുരക്ഷാ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വിമാനത്താവള ഡയറക്ടര്‍ പറഞ്ഞതായി അല്‍ ജസീറ വെളിപ്പെടുത്തി. ഒക്ടോബർ ഒന്നിനാണ് ഇരുന്നൂറിലേറെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്. ഇസ്രയേലിനു നേർക്ക് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി.