ഓര്‍ക്കാട്ടേരി: മൊബൈല്‍ ഫോണുകളുടെ അതിപ്രസരമുള്ള പുതിയ കാലത്ത് കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ പ്രത്യേക ഇടപെടല്‍ വേണമെന്ന് കെ.കെ.രമ എംഎല്‍എ.
എംഎല്‍എ ഫണ്ടില്‍ നിന്നു വടകര മണ്ഡലത്തിലെ വിദ്യാലയ ലൈബ്രറിയിലേക്കും വായനശാലകളിലേക്കുമായി വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പാഠ്യവിഷയങ്ങളില്‍ മാത്രം ഒതുങ്ങാതെ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനും അറിയാനും സ്കൂളുകളില്‍ തന്നെ കുട്ടികള്‍ക്ക് അവസരങ്ങള്‍ രൂപപ്പെടണം. ഇതിനു സഹായകമാവുംവിധം സ്കൂള്‍ ലൈബ്രറികളെ പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലത്തിലെ വിദ്യാലയ ലൈബ്രറികളിലേക്ക് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പുസ്തകങ്ങള്‍ വാങ്ങി നല്കാന് ഉദ്ദേശിച്ചത്. കുട്ടികളിലെ സര്‍ഗാത്മകത വളര്‍ത്തിയെടുക്കുന്നതിന് എല്ലാവരുടെയും ഒറ്റക്കെട്ടായ ഇടപെടല്‍ ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു.
ഓര്‍ക്കാട്ടേരി നോര്‍ത്ത് യുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക അധ്യക്ഷതവഹിച്ചു.
പി.ടി.എ പ്രസിഡന്റ് പ്രജിത്ത് സ്നേഹശ്രീ ജയന്ര്, ബിന്ദു, വിനോദ് എന്നിവര്‍ സംസാരിച്ചു. വിവിധ സ്കൂളുകളുടെയും വായന ശാലകളുടെയും പ്രതിനിധികള്‍ എംഎല്‍എയില്‍ നിന്നു പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഹെഡ് ടീച്ചര്‍ അജിത.പി.പി സ്വാഗതം പറഞ്ഞു.