കോഴിക്കോട്: ഡിജി കേരളം പദ്ധതിയിലൂടെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷര ജില്ല എന്ന ലക്ഷ്യം കൈവരിച്ച് കോഴിക്കോട് ജില്ല. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു. 100 ശതമാനം ഡിജിറ്റല്‍ സാക്ഷരത നേടുന്ന രണ്ടാമത്തെ ജില്ലയാണ് കോഴിക്കോട്.
ജില്ലയിലെ 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമയുള്ള സര്‍വേ, പരിശീലനം തുടങ്ങിയ പ്രവര്‍ത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ
അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. 14 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഡിജിറ്റല്‍ സാക്ഷരതയിലേക്ക് ഉയര്‍ത്തുന്നതിന്റെ ആദ്യപടിയായി ജില്ലയില്‍ 73.88 ലക്ഷം പേരിലാണ് സര്‍വേ നടത്തിയത്. 24, 091 വളണ്ടിയര്‍മാരുടെ സഹായത്തോടെയാണ് സര്‍വേ
പൂര്‍ത്തിയാക്കിയത്. സര്‍വേയിലൂടെ കണ്ടെത്തിയ 19.53 ലക്ഷം പേര്‍ക്ക് പരിശീലനം നല്കി. കുടുംബശ്രീ, സാക്ഷരത മിഷന്, കില തുടങ്ങി സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സര്‍വെയും പരിശീലനവും പൂര്‍ത്തിയാക്കിയത്. നവംബര്‍ ഒന്നോടെ കേരളത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ചടങ്ങില്‍ എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, അസിസ്റ്റന്റ് ഡയറക്ടര്‍
പൂജാലാല്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി സി കവിത, സാക്ഷരത മിഷന് ജില്ലാ കോഡിനേറ്റര്‍ പി വി ശാസ്ത പ്രസാദ്, ആര്‍ജിഎസ്എ ജില്ലാ കോഡിനേറ്റര്‍ വിനീത്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പേര്‍ട്ട് അഞ്ജന, കില പ്രതിനിധി പ്രമോദ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഡിജിറ്റല്‍ സാക്ഷരതയിലേക്ക് കൈപിടിച്ചുയര്‍ത്തി, വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ അവര്‍ക്ക് കൂടി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഡിജി കേരളം.