തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ട്രോള് റൂമുകള്‍ തുറന്നു. ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചേംമ്പറില്‍ അടിയന്തരയോഗം ചേര്‍ന്നു. യോഗത്തില്‍ ജില്ലയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.
കനത്ത മഴക്കിടെ പാലക്കാട് മലമ്പുഴയില്‍ ഉരുള്‍ പൊട്ടിയതായി സംശയം. ആനക്കല്‍ വന മേഖലയ്ക്ക് സമീപത്താണ് ഉരുള്‍ പൊട്ടിയതായി ആശങ്ക ഉയര്‍ന്നത്. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടു. കല്ലമ്പുഴയില്‍ വലിയ തോതില്‍ ജല നിരപ്പ് ഉയര്‍ന്നു. പ്രദേശത്ത് ആള് താമസമില്ലെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മറ്റന്നാളും യെലോ അലര്‍ട്ടാണ്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.