അഴിയൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ സിമന്റുമായി വന്ന ലോറിയിലെ ലോഡിറക്കുന്നതിനെ ചൊല്ലി മോന്താല്‍ പള്ളിക്കുനി സേട്ടു മുക്കില്‍ സിഐടിയു-ബിഎംഎസ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം. തൊഴിലാളി കാര്‍ഡില്ലാത്തവര്‍ ലോഡിറക്കുന്നുവെന്നാരോപിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. സംഭവമറിഞ്ഞ് ചൊക്ലി എസ്ഐ ആര്.രഞ്ജുവിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തര്‍ക്കം പരിഹരിക്കുന്നതിനായി ജില്ലാ ലേബര്‍ ഓഫീസില്‍ 26 ന് ചര്‍ച്ച നടക്കും.
പള്ളിക്കുനിയിലും സേട്ടു മുക്കിലും കാര്‍ഡ് ഉള്ളവരാണ് ലോഡിറക്കിയതെന്ന് ബിഎംഎസ് നേതാക്കള്‍ പറഞ്ഞു. ഏറെ ദിവസങ്ങളായി ലോഡിറക്കുന്നതില് പങ്കാളിത്തമാവശ്യപ്പെട്ട് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതായും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ കാര്‍ഡ് ഇല്ലാത്തവര്‍ ലോഡ് ഇറക്കുന്നതിനെയാണ് ചോദ്യം ചെയ്തതെന്നു സിഐടിയു നേതാക്കള്‍ പറഞ്ഞു.