പയ്യോളി: തിക്കോടിയന് സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കറി സ്കൂളില്‍ പുതുതായി നിര്‍മിക്കുന്ന ക്ലാസ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനം നാളെ (വെള്ളി) നടക്കും. ഉച്ചക്ക് 2.30ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നിഷ പുത്തന്‍ പുരയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 90 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ് മുറികള്‍ നിര്‍മിക്കുന്നത് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.ദുല്‍ഖിഫില്‍ അധ്യക്ഷത വഹിക്കും.
ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം മികവിന്റെ വര്‍ഷമാണ് പിന്നിട്ടതെന്ന് പി.ടി.എ. പ്രസിഡന്റ് സബീഷ് കുന്നങ്ങോത്തും ഹെഡ്മാസ്റ്റര് പി.സൈനുദ്ദീനും പറഞ്ഞു. നൂറു ശതമാനം വിജയവും 150 ലേറെ സമ്പൂര്‍ണ എ പ്ലസും നേടാന്‍ പോയവര്‍ഷവും കഴിഞ്ഞിട്ടുണ്ട്. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍പന്തിയില്‍ എന്ന പോലെ കലാ കായിക രംഗത്തും ശാസ്ത്ര മേളകളിലും ജില്ലാ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട നേട്ടങ്ങള്‍ കൊയ്ത വര്‍ഷത്തില്‍ ആറിനങ്ങള്‍ സംസ്ഥാന തലം വരെ എത്തി.
പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗവ.സ്കൂളുകള്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് ഉദാഹരണമായി സംസ്ഥാനത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ട 15 സ്കൂളുകളില്‍ ഒന്ന് ഈ വിദ്യാലയമാണ്. കോഴിക്കോട് ജില്ലയില്‍ മോഡല്‍ സ്കൂള്‍ പദവിയിലേക്ക് ഉയര്‍ത്താന്‍ തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയവും ഇതുതന്നെ.
സര്‍ക്കാര്‍ അനുവദിച്ച പതിമൂന്നരലക്ഷം രൂപ ഉപയോഗിച്ച് തിയേറ്റര്‍, സ്കൂള്‍ പ്രവേശന കവാടം, ടാലന്റ് ലാബ്, ഫിസിക്കല്‍ ഫിറ്റ്നസ് റൂം, ചുമര് ചിത്രങ്ങള്‍, സൈന്‍ ബോര്‍ഡ്, സ്റ്റേജ്, ഐടി സാമഗ്രികള്‍ എന്നിവയും അധ്യാപക ശാക്തീകരണ പരിപാടികളും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള സ്റ്റാഫ് റൂം നവീകരണവും പൂര്‍ത്തീകരിക്കുന്നതോടെ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. പെണ്‍കുട്ടികളുടെ ശൗചാലയവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ സംഘടനകളും സര്‍ക്കാരും നല്കിയ ഇന്‍സിനറേറ്ററുകള്‍ വഴി സാധ്യമായി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് പിടിഎ നിര്‍മിച്ചു നല്കുന്ന ‘സഹപാഠിക്കൊരു വീടി’ന്റെ പണി പൂര്‍ത്തീകരിച്ചുവരുന്നു. ഈ മാസം 30 ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ പി.ടി.എ വൈസ് പ്രസിഡന്റ് മൊയ്തീന് പെരിങ്ങാട്, സ്റ്റാഫ് സെക്രട്ടറി എം.ടി.രന്‍ജിത്ത്, കാട്ടില്‍ റസാഖ് എന്നിവരും പങ്കെടുത്തു.