വടകര: വടകര നഗരത്തില്‍ അജ്ഞാതനായ വയോധികന് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കൊയിലാണ്ടി
പൊയില്‍ക്കാവ് നാറാണത്ത് നായര്‍ സജിത്ത് എന്ന സജിത്തിനെയാണ് (54) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പാണ് പുതിയ സ്റ്റാന്റ് പരിസരത്തെ കടവരാന്തയില്‍ വയോധികന് കൊല്ലപ്പെട്ടത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും കൊലയാളിയെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് പോലീസിന്റെ മികവായി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്
മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അജ്ഞാതന്റെ പക്കലുണ്ടായിരുന്ന പണം കൈക്കലാക്കുന്നതിനു വേണ്ടിയായിരുന്നു കൊല. കഴുത്തില്‍ മുണ്ടുമുറുക്കി കൊല ചെയ്ത ശേഷം പണം കവര്‍ന്നു പ്രതി സ്ഥലംവിടുകയായിരുന്നു. കഴിഞ്ഞ മാസം 18നാണ് വടകരയെ നടുക്കിയ കൊലപാതകം. മരണപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിയാതിരുന്നതിനാല്‍ പോലീസ് അന്വേഷണം വഴിമുട്ടുമോ എന്ന സംശയം ഉണ്ടായിരുന്നു. ഇതിനിടയില്‍ പോലീസ് നടത്തിയ സമര്‍ഥമായ നീക്കത്തിലാണ് അന്വേഷണം പ്രതിയിലേക്ക് എത്തുന്നത്. വടകര പുതിയ സ്റ്റാന്റ് കേന്ദ്രമായി തമ്പടിക്കുന്നവരുടെയും ഉറങ്ങുന്നവരുടെയും ലിസ്റ്റ് എടുത്ത പോലീസ് സംഭവ ദിവസത്തിനു ശേഷം കാണാതായവരെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയിലാണ് മാഹി പള്ളി തിരുനാള്‍ മഹോത്സവത്തിന് എത്തിയ പ്രതി കസ്റ്റഡിയിലാവുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മരണപ്പെട്ടയാള്‍ ഉറങ്ങുന്നതിനിടയില്‍ പുതപ്പ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയാണ് പ്രതി പണവുമായി മുങ്ങിയത്. ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തില്‍ സിഐ എന്‍.സുനില്‍കുമാര്‍, എസ്ഐമാരായ ഇ.പ്രകാശന്, മനോജ് രാമത്ത്, എഎസ്ഐമാരായ വി.വി.ഷാജി, ബിനീഷ്, സിപിഒമാരായ ടി.സൂരജ്, എം.ടി.കെ.ശ്രീജു എന്നിവരാണുണ്ടായിരുന്നത്.