
ഒരുപാധിയുമില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുന്നതായി അൻവർ കൺവെൻഷനിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണയ്ക്കുന്നത്. രണ്ട് ദിവസം മുമ്പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അൻവർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയും അൻവർ രൂക്ഷവിമർശനം ഉയർത്തി. വി.ഡി.സതീശന് അഹങ്കാരമാണെന്നും താൻ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അൻവർ കുറ്റപ്പെടുത്തി. ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിന്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം പകുതി കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുന്നില്ല. സരിന്റെ സ്ഥാനാര്‍ഥിത്വവും കൂടെയുള്ളവർ പലരും അംഗീകരിക്കുന്നില്ല. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വോട്ടുപോകും. പാലക്കാട്ടെ മുസ്ലിം വോട്ടർമാർക്ക് യുഡിഎഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബിജെപിയുടെ പേരു പറഞ്ഞ് മുസ്ലിം വോട്ടർമാരെ കബളിപ്പിക്കുകയാണ്. കോൺഗ്രസുകാരെക്കാളും സഹായിക്കുന്നത് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ആണെന്നും മുസ്ലിംവോട്ടർമാർ ഡിഎംകെ നടത്തിയ സർവേയിൽ പറഞ്ഞതായി അൻവർ ചൂണ്ടിക്കാട്ടി.