കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് കൈമാറാമെന്ന് ഹൈക്കോടതി. ഇതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. തന്റെ
പിതാവിന്റെ മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കരിക്കണമെന്നായിരുന്നു മകളുടെ ആവശ്യം. എന്നാൽ എം എം ലോറൻസിന്റെ താൽപര്യപ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയതെന്ന് മകൻ സജീവൻ അറിയിച്ചിരുന്നു. നേരത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെളിവെടുപ്പിലടക്കം രണ്ട് സാക്ഷികളെയും ഹാജരാക്കിയിരുന്നു. ഈ സാക്ഷിമൊഴികൾ അവിശ്വസിക്കേണ്ടതില്ലെന്ന് കണ്ടെത്തിയാണ് ആശ ലോറൻസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. കളമശേരി മെഡിക്കൽ കോളേജ്
മോർച്ചറിയിൽ ആഴ്ചകളായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അനാട്ടമി വിഭാഗത്തിന് കൈമാറും. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ഹർജിക്കാരിയായ മകൾ ആശ ലോറൻസ് അറിയിച്ചു. കഴിഞ്ഞ മാസം 21 നായിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം