മാഹി: പള്ളൂര്‍ ഇരട്ടപ്പിലാക്കൂലില്‍ വീട്ടില്‍ നിന്നു കാണാതായ 13കാരിയെയും യുവാവിനെയും ഊട്ടിയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ നല്കിയ പരാതിയിന്മേല് നടത്തിയ അന്വേഷണത്തില്‍ ചൊക്ലി മേനപ്രം ബാവിലേരി മീത്തല്‍ മുഹമ്മദ് ബിന്‍ ഷൗക്കത്തലിയെയും (18) പെണ്‍കുട്ടിയെയുമാണ് ഊട്ടിയിലെ ലോഡ്ജില്‍ കണ്ടെത്തിയത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും ഊട്ടിയിലെ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടും കൂടിയാണ് ഇവരെ കണ്ടെത്തിയത്.
തട്ടികൊണ്ടു പോവാന്‍ സഹായിച്ച ചൊക്ലി അണിയാരത്തെ തൈക്കണ്ടിയില്‍ കെ.പി.സനീദിനെ (18) നേരത്തെ പള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു സനീദിന്റെ ബൈക്കുമായി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ ശേഷം സനീദിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് കേരളത്തിലും തമിഴ്നാട്ടിലുമായി പല ലോഡ്ജുകളിലായി മാറി മാറി താമസിച്ചത്. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡിലും കൃതിമം നടത്തിയിരുന്നു. ഷൗക്കത്തലി പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാവുകയായിരുന്നു.
മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണന്റെ നിര്‍ദ്ദേശപ്രകാരം മാഹി പോലീസിന്റെ ദ്രുതഗതിയിലുള്ള അന്വേഷണത്തിന്റെ ഫലമായാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബന്ധുക്കളെ ഏല്പിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡില്‍ കൃതിമം കാട്ടിയതിനും ആള് മാറാട്ടം നടത്തിയതിനുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഷൗക്കത്തലിയെ മാഹി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാന്റ് ചെയ്ത് മാഹി സബ് ജയിലിലേക്കയച്ചു. മാഹി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.ഷണ്മുഖം, പള്ളൂര്‍ എസ്എച്ച്ഒ സി.വി.റെനില്‍ കുമാര്‍, ക്രൈം സ്ക്വാഡിലെ ഗ്രേഡ് എസ്ഐമാരായ കിഷോര്‍ കുമാര്‍, സരോഷ് കുമാര്‍, എഎസ്ഐ സി.വി.ശ്രീജേഷ്, മഹേഷ്, സ്പെഷ്യല്‍ ഗ്രേഡ് വനിത എസ്ഐ ബീന പാറമ്മേല്‍, ഡ്രൈവര്‍ ശ്രീദേവ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.