കുറ്റ്യാടി: വേളം പഞ്ചായത്തിലെ മണിമല നാളികേര പാര്‍ക്ക് രണ്ടാംഘട്ട പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ഡിസംബറില്‍ ആരംഭിക്കും. അടുത്ത വര്‍ഷം തന്നെ വ്യവസായങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ പറ്റുന്ന രീതിയില്‍ പ്ലോട്ടുകള്‍ ക്രമീകരിച്ച് വാഹനങ്ങള്‍ക്ക് പോകാവുന്ന ഇന്റേണല്‍ റോഡുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു കോടി രൂപയുടെ രണ്ടാം ഘട്ട പ്രവൃത്തിക്കാണ് തുടക്കമിടുന്നത്. ഈ പ്രവൃത്തിയുടെ സെലക്ഷന് നോട്ടീസ് കെഎസ്ഐഡിസി ഊരാളുങ്കല്ലിന് കൊടുത്തുകഴിഞ്ഞു. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ ഹരികിഷോറുമായി തിരുവനന്തപുരത്ത് യോഗം ചേരുകയും പ്രവൃത്തി ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതായും കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അറിയിച്ചു.
തുടര്‍ന്ന് ഊരാളുങ്കല്‍ സൊസൈറ്റി പദ്ധതിയുടെ അവതരണം നടത്തി.
ഉദ്ദേശിച്ച പോലെ 2025 ആദ്യ മാസങ്ങളില്‍ തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കി വ്യവസായ മേഖലയില്‍ വലിയ ഉണര്‍വ് നല്‍കാനാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ കെഎസ്ഐഡിസി പ്രൊജക്റ്റ് മാനേജര്‍ പൂജ, യുഎല്‍സിസിഎസ് സീനിയര്‍ എന്‍ജിനീയര്‍ ഷൈനു എന്നിവര്‍ പങ്കെടുത്തു.
വ്യവസായങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് സബ്സ്റ്റേഷന് നിര്‍മിക്കുന്നതിനായി കെഎസ്ഇബിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രവൃത്തി കെഎസ്ഇബി ഉടന്‍ ആരംഭിക്കും.
നാളികേര കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വപ്ന പദ്ധതിയായ മണിമല നാളികേര പാര്‍ക്ക് ആരംഭിക്കുന്നത് സംബന്ധിച്ച് നിയമസഭയില്‍ ചോദ്യം ഉന്നയിക്കുകയും വ്യവസായ മന്ത്രി പി.രാജീവ് വിശദമായ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. പാര്‍ക്കിനായി 5 ഏക്കര്‍ വികസിപ്പിക്കുന്നതിന് യുഎല്‍സിസിഎസിനെ നിയമിച്ചതായും ഈ സ്ഥലത്തെ മരങ്ങള്‍ വെട്ടി മാറ്റുന്നതിന് സോഷ്യല്‍ ഫോറസ്റ്റ്റി വകുപ്പിന് കത്ത് നല്‍കിയതായും മരങ്ങളുടെ മൂല്യനിര്‍ണയ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും വ്യവസായ മന്ത്രി നിയമസഭയില്‍ അറിയിച്ചു.
ചുറ്റുമതില്‍, വാച്ച്മാന് കാബിന്, ഗേറ്റ് എന്നീ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പി.രാജീവ് അറിയിച്ചു.