തലശേരി: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപി എം ജില്ലാ കമ്മറ്റി അംഗവുമായ പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ചത്തേയ്ക്കു മാറ്റി. ഹർജി ഇന്ന് ഫയലിൽ സ്വീകരിച്ച കോടതി വ്യാഴാഴ്ച വാദം കേൾക്കും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് മുമ്പാകെ പ്രമുഖ അഭിഭാഷകന് കെ. വിശ്വന് മുഖേനയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യഹർജി ഫയൽ ചെയ്തത്.
പ്രത്യേക ദൂതൻ വഴി വക്കാലത്ത് തലശേരിയിൽ എത്തിച്ചാണ് കെ. വിശ്വൻ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്. ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടന്നെങ്കിലും ഒടുവിൽ ജില്ലാ കോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിക്കുകയായിരുന്നു.
ഹർജിയിൽ കക്ഷിചേരാൻ നവീൻ ബാബുവിന്റെ കുടുംബം അപേക്ഷ നൽകി. നവീൻ ബാബുവിനെതിരെ ഗൂഢാലോചന നടന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ആരോപണം. അതേസമയം, കളക്ടർ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നാണ് ദിവ്യ പറയുന്നത്. എന്നാൽ, ഈ വാദം നിഷേധിച്ച് കളക്ടർ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ടതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു പി.പി.ദിവ്യയെ സിപിഎം മാറ്റിയിരുന്നു. ദിവ്യയുടെ അറസ്റ്റ് ഒഴിവാക്കാൻ പൊലീസിൽ സമ്മർദം ശക്തമാണെന്നാണ് സൂചന.