തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എത്രയും പെട്ടെന്ന് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അന്വേഷണത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോലീസ് റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. ഇടതുമുന്നണി യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിത്തിനിടെ ആയിരുന്നു പിണറായി വിജയന്റെ ഉറപ്പ്.
അതേസമയം എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴി പോലീസ് എടുത്തു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് പ്രശാന്തന്റെ മൊഴി എടുത്തത്. പെട്രോൾ പമ്പിന്റെ എൻഒസിക്കായി എഡിഎമ്മിന് കൈക്കൂലി നൽകിയെന്നാണ് ആരോപണം.