കൊയിലാണ്ടി: യുവാവിനെ കാറില്‍ കെട്ടിയിട്ട് പണം തട്ടിയെന്ന സംഭവം വ്യാജമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പരാതിക്കാരനായ പയ്യോളി സ്വദേശി സുഹാനഹൗസില് സുഹൈല്‍ (25) അടക്കം മൂന്നു പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയതു. ഇയാളുടെ സുഹൃത്തുക്കളായ താഹ, യാസിര്‍ എന്നിവരാണ് പിടിയിലായത്. താഹയുടെ കൈയില്‍ നിന്നു 37 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
ശനിയാഴ്ചയായിരുന്നു വിവാദ സംഭവം നടന്നത്. കാട്ടിലപീടികയില്‍ കാറില്‍ കെട്ടിയിട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. എടിഎം കൗണ്ടറില്‍ നിറയ്ക്കാന്‍ വേണ്ട പണം കാറില്‍ കൊണ്ടുപോകവെ പര്‍ദയിട്ടവര്‍ കാറില്‍ കയറി മുളകുപൊടി വിതറി തന്നെ കെട്ടിയിട്ടെന്നും പിന്നെ തനിക്ക് ഓര്‍മയില്ലെന്നുമായിരുന്നു സുഹൈല്‍ പറഞ്ഞത്. അന്ന് വൈകീട്ട് 4 മണിയോടെ കാട്ടിലപീടികയില്‍ കാറില്‍ കെട്ടിയിട്ട നിലയിലായിരുന്നു സുഹൈലിനെ കണ്ടെത്തിയത്. എന്നാല്‍ പോലീസ് സുഹൈലിന്റെ മൊഴി വിശ്വസിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യാജമെന്ന് വ്യക്തമായതും മൂന്ന് പേര് അറസ്റ്റിലായതും.
-സുധീര്‍ കൊരയങ്ങാട്