അരൂർ: അരൂരിൽ കർഷകർക്ക് രക്ഷയില്ലാതായി. കാട്ടുപന്നികളുടെ കൃഷി നശീകരണം തുടരുന്നു. ചേമ്പ്, വാഴ, മരച്ചീനി, ചേന ഉൾപ്പെടെയുള്ള ചെറുകൃഷികൾ മാത്രമല്ല തെങ്ങിൻ തൈകൾ പോലും ഒഴിവാക്കുന്നില്ല. രണ്ട് വർഷം മുമ്പ് വരെ വലിയ തോതിൽ ജൈവ പച്ചക്കറി ഉല്പാദിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ജൈവ പച്ചക്കറി പച്ചക്കറി ചന്തയും തുടർന്ന് വിൽക്കാനും
വിപണനത്തിനു ജൈവ പച്ചക്കറി കലവറ ഷോപ്പും ആരംഭിച്ചിരുന്നു. മേഖലയിലെ കർഷകർക്കും ആവശ്യക്കാർക്കും ഇതൊരു ആശ്വാസമായിരുന്നു പക്ഷെ പന്നി കൂട്ടമായി ഇറങ്ങിയതോടെയാണ് കർഷകരുടെ ശനി ദിശ തുടങ്ങിയത്. ധൈര്യത്തോടെ വഴിനടക്കാൻ പോലും പറ്റാത്ത സാഹചര്യമാണെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി. പന്നിയെ വെടിവെക്കാൻ അനുമതി ഉണ്ടെങ്കിലും ഏറെ
അകലെ നിന്ന് ആളെത്തുമ്പോഴേക്കും പന്നി സ്ഥലവിട്ടിരിക്കും. നാട്ടുകാർ തോക്കിന് ലൈസൻസിനായി അപേക്ഷിച്ചെങ്കിലും അനുമതി ആയിട്ടില്ല. പന്നി ആരേയും കൂസാതെ വിലസുകയുമാണ്. ഇന്നലെ രാത്രിയും പലരുടേയും കൃഷി നശിപ്പിച്ചിട്ടുണ്ട്. കുലക്കാറായ തെങ്ങിൻ തൈകൾ പോലും നശിപ്പിച്ചിട്ടുണ്ട്.