കോഴിക്കോട്: കേരളത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജി കേരളം പദ്ധതിയില്‍ ജില്ലയിലെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ അനുമോദിച്ചു. കളക്ടറേറ്റിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന് യോഗത്തില്‍ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ പ്രശംസാപത്രം സമ്മാനിച്ചു.
നിശ്ചിത സമയത്തിനകം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച 35 പഞ്ചായത്തുകളെയും ഒരു നഗരസഭയെയുമാണ് ചടങ്ങില്‍ അനുമോദിച്ചത്. രാമനാട്ടുകരയാണ് ജില്ലയില്‍ ഏറ്റവും ആദ്യം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ നഗരസഭ. ജില്ലയിലെ ആകെ 78 തദ്ദേശസ്ഥാപനങ്ങളില്‍ 75 സ്ഥാപനങ്ങള്‍ സമ്പൂര്‍ണ ഡിജി സാക്ഷരത കൈവരിച്ചിട്ടുണ്ട്. തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട അഞ്ച് പഞ്ചായത്തുകള്‍ക്കുള്ള പ്രശംസാപത്രം ഉപതിരഞ്ഞെടുപ്പിന് ശേഷം നല്‍കുമെന്ന് എല്‍എസ്ജിഡി അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എല്‍എസ്ജിഡി അസിസ്റ്റന്റ് ഡയറക്ടര്‍ പൂജാലാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്, വിവിധ തദ്ദേശസ്ഥാപന മേധാവികള്‍, നോഡല്‍ ഓഫീസര്‍മാര്‍ സാക്ഷരത പ്രേരക്മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഡിജിറ്റല്‍ സാക്ഷരതയിലേക്ക് കൈപിടിച്ചുയര്‍ത്തി, വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ അവര്‍ക്ക് കൂടി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഡിജി കേരളം. സര്‍വേയിലൂടെ കണ്ടെത്തിയ 15-65 വയസിനിടയിലുള്ള എല്ലാവര്ക്കും പരിശീലനം നല്‍കിക്കൊണ്ട് ഡിജിറ്റല്‍ സാക്ഷരരാക്കുകയെന്ന ദൗത്യമാണ് തദ്ദേശസ്ഥാപനങ്ങളിലൂടെ നിറവേറ്റുന്നത്.