വടകര: ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലെ രൂക്ഷമായ പൊടിശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇരുചക്രവാഹനക്കാരെയും കാല്‍നടയാത്രക്കാരെയും കച്ചവടക്കാരെയും ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മുന്നിലെ വാഹനങ്ങള്‍ കാണാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത് അപകടങ്ങളിലേക്ക്
നയിക്കും. ഈ സാഹചര്യത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണ കമ്പനിയായ വാഗഡ് വടകര പുതിയ ബസ്റ്റാന്‍ഡ് മുതല്‍ പെരുവാട്ടംതാഴെ വരെയുള്ള മേഖലകളില്‍ വെള്ളം നനച്ച് പൊടി ശല്യത്തിന് പരിഹാരം കാണണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പൊടി ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ വാഗഡ് കമ്പനിയുടെ ഓഫീസ് ഉപരോധം അടക്കമുള്ള സമര പരിപാടിയിലേക്ക് യൂത്ത്കോണ്‍ഗ്രസ് കടക്കുമെന്ന് നിയോജകമണ്ഡലം കമ്മിറ്റി
മുന്നറിയിപ്പു നല്കി. പെരുവാട്ടും താഴെയുള്ള വാഗഡ് മിക്സിങ് യൂണിറ്റില്‍ നിന്നു മഴയില്‍ പുറത്തേക്ക് ഒലിച്ചുവരുന്ന ചളിയും പെരുവാട്ടം താഴെ ജംഗ്ഷനില്‍ പൊടി ശല്യത്തിന് കാരണമാകുന്നുണ്ട്. ഈ മേഖലയിലെ സര്‍വീസ് റോഡ് ടാര്‍ ചെയ്ത് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.